സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതിക്കും വിജിലൻസ് കേസ് ഉള്ളവർക്കും നിയമനം ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ പട്ടിക വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ
തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിൽ വ്യാപക ക്രമക്കേടെന്ന് പരാതി. വിജിലൻസ് കേസിൽപ്പെട്ടവർക്കും ആരോപണവിധേയർക്കും മുഖ്യ ചുമതലകൾ നൽകിയതിനെതിരെ ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡ് പ്രസിഡന്റിനെ അതൃപ്തി അറിയിച്ചു.
സ്വർണ്ണക്കള്ളക്കടത്ത് കേസ് പ്രതിക്കും വിജിലൻസ് കേസ് ഉള്ളവർക്കും നിയമനം; ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ പട്ടിക വിവാദത്തിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റിൽപ്പറത്തിക്കൊണ്ട് നടത്തിയ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളിൽ വ്യാപക പ്രതിഷേധം. വൻ സാമ്പത്തിക ഇടപാടുകളും രാഷ്ട്രീയ ഇടപെടലുകളും നടന്നതായി ആരോപണമുയർന്ന പശ്ചാത്തലത്തിൽ, ദേവസ്വം മന്ത്രി കെ. മുരളീധരൻ ബോർഡ് പ്രസിഡന്റിനെ ഫോണിൽ വിളിച്ച് തന്റെ ശക്തമായ അതൃപ്തി രേഖപ്പെടുത്തി.
സ്വർണ്ണക്കൊള്ള കേസിൽ സ്വർണ്ണം വെറും ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ വിവാദ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ചതാണ് പ്രധാന തർക്കങ്ങൾക്ക് വഴിവെച്ചത്. കൂടാതെ, വൈക്കം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് മുൻകൂർ വാങ്ങിയ തുക തിരിച്ചടച്ചിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തിയ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ദേവസ്വം ആസ്ഥാനത്ത് തന്നെ വിജിലൻസ് ഓഫീസറായി നിയമിച്ചതും കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
യുഡി ക്ലാർക്കായിരുന്ന സമയത്ത് സന്നിധാനത്തെ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും സ്വർണ്ണം പൂശുന്നതിനായി ബോർഡ് പ്രസിഡന്റിന് വഴിവിട്ട രീതിയിൽ റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥന്, വരുമാനത്തിൽ മുന്നിലുള്ള വള്ളിയാങ്കാവ് ദേവസ്വത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി നിയമനം നൽകിയിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് കമ്മീഷണർ റാങ്കുകളിലായി 70 പേരെയും, സ്ഥാനക്കയറ്റത്തിലൂടെ 5 പേരെയുമാണ് ഇത്തവണ മാറ്റിയത്. തിരുവല്ലം, മലയാലപ്പുഴ, ചെട്ടികുളങ്ങര, വള്ളിയാങ്കാവ് തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് നിയമനം നേടാൻ വൻ രാഷ്ട്രീയ സമ്മർദ്ദമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
തിരുവല്ലത്ത് സീനിയോറിറ്റി മറികടന്ന് സിപിഎം അനുകൂല യൂണിയൻ വനിതാ നേതാവിനെ നിയമിച്ചപ്പോൾ, ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ സീനിയർ ഉദ്യോഗസ്ഥനായ കോൺഗ്രസ് യൂണിയൻ നേതാവിനെ തഴഞ്ഞ് ജൂനിയറായ ഇടതുപക്ഷ നേതാവിന് ചുമതല നൽകിയതായും ആക്ഷേപമുണ്ട്. പന്തളം ക്ഷേത്രത്തിലും വിജിലൻസ് കേസിൽപ്പെട്ടയാൾക്കാണ് നിയമനം നൽകിയിരിക്കുന്നത്.
സ്ഥലംമാറ്റത്തിൽ ബോർഡ് പ്രസിഡന്റിനെ നോക്കുകുത്തിയാക്കി സിപിഎം അംഗം വ്യാപക ഇടപെടൽ നടത്തിയതായി കോൺഗ്രസ് അനുകൂല സംഘടനയായ ദേവസ്വം എംപ്ലോയീസ് ഫണ്ട് മന്ത്രിയെ പരാതി അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.

