ആവോലിയിൽ 37 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമി പട്ടയം ഉടൻ നൽകും മാത്യു കുഴൽനാടൻ എം.എൽ.എ
എറണാകുളം മൂവാറ്റുപുഴ ആവോലി പഞ്ചായത്തിൽ 37 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 6 സെന്റ് വീതം ഭൂമി നൽകുന്നു. ടി.ആർ.ഡി.എം പദ്ധതിയിലൂടെയുള്ള പ്ലോട്ട് നറുക്കെടുപ്പ് പൂർത്തിയായി.
ആവോലിയിൽ 37 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭൂമിയും വീടും; പ്ലോട്ട് നറുക്കെടുപ്പ് പൂർത്തിയായി
മൂവാറ്റുപുഴ: എറണാകുളം ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് ആശ്വാസമായി ആവോലിയിൽ ഭൂമി പതിച്ചുനൽകുന്നു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആദിവാസി പുനരധിവാസ വികസന മിഷൻ (ടി.ആർ.ഡി.എം.) പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ താലൂക്കിലെ ആവോലി പഞ്ചായത്തിൽ വാങ്ങിയ സ്ഥലത്ത് നിന്നാണ് 37 കുടുംബങ്ങൾക്ക് 6 സെന്റ് വീതം ഭൂമി അനുവദിക്കുന്നത്. ഇതിനായുള്ള ബെനിഫിഷ്യറി ഐഡന്റിഫിക്കേഷൻ കമ്മിറ്റി യോഗവും പ്ലോട്ട് നറുക്കെടുപ്പും വിജയകരമായി പൂർത്തിയായി.
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി അർഹരായ കുടുംബങ്ങൾക്കുള്ള പട്ടയം അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. ടി.ആർ.ഡി.എം. ലാൻഡ് ബാങ്ക് പദ്ധതിയിൽ ഉൾപ്പെടുത്തി 1,81,99,285 രൂപ ചെലവഴിച്ചാണ് ആവോലിയിൽ 2.8 ഏക്കർ സ്ഥലം ഇതിനായി വാങ്ങിയത്. ആകെ സ്ഥലത്തിന്റെ 20 ശതമാനം ഭാഗം പൊതു ഇടമായി മാറ്റിയിട്ടുണ്ട്. കൂടാതെ, എല്ലാ പ്ലോട്ടുകളിലേക്കും ആവശ്യമായ വഴി സൗകര്യവും കൃത്യമായി ക്രമീകരിച്ചിട്ടുണ്ട്.
ഭൂമി ലഭിക്കുന്ന ഓരോ കുടുംബത്തിനും വീട് നിർമ്മാണത്തിനായി ടി.ആർ.ഡി.എം. പദ്ധതി വഴി 6 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഗുണഭോക്താക്കൾക്ക് ഈ തുക ഉപയോഗിച്ച് സ്വന്തമായോ സർക്കാർ ഏജൻസികൾ മുഖേനയോ വീടുപണിയാൻ സാധിക്കും.
മാത്യു കുഴൽനാടൻ എം.എൽ.എ. ചടങ്ങിൽ ഗുണഭോക്താക്കൾക്ക് ആശംസകൾ നേരുകയും മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ആവോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി ജോസ്, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ കെ.ജി. മനോജ്, എൽ.ആർ. ഡെപ്യൂട്ടി കളക്ടർ എം. സി. ജ്യോതി മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.