സിനിമ തിയേറ്ററുകളിൽ കടി ക്ക് പൊള്ളുന്ന വില മൾട്ടിപ്ലക്സുകളിൽ ഭക്ഷ്യസുരക്ഷാ വീഴ്ചയ്ക്ക് നോട്ടീസ്

തീറ്ററുകളിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കാനും കാണികൾക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കാനും സിവിൽ സപ്ലൈസ് അധികൃതർ കർശന നിർദേശം നൽകി

സിനിമ തിയേറ്ററുകളിൽ കടി ക്ക് പൊള്ളുന്ന വില മൾട്ടിപ്ലക്സുകളിൽ ഭക്ഷ്യസുരക്ഷാ വീഴ്ചയ്ക്ക് നോട്ടീസ്
കോഴിക്കോട് നഗരത്തിലെ മള്‍ട്ടിപ്ലക്‌സ് കഫേയില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തുന്നു

കോഴിക്കോട് മൾട്ടിപ്ലക്സ് കഫേകളിൽ വൻ പരിശോധന: ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തി; നോട്ടിസ് നൽകി

കോഴിക്കോട്: നഗരത്തിലെ പ്രമുഖ മൾട്ടിപ്ലക്സ് തിയേറ്ററുകളിലെ കഫേകളിൽ ലീഗൽ മെട്രോളജി, സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷ വകുപ്പുകൾ സംയുക്തമായി മിന്നൽ പരിശോധന നടത്തി. സിനിമ കാണാനെത്തുന്നവരിൽ നിന്ന് ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. ഭക്ഷ്യ-സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി മന്ത്രിയുടെയും ലീഗൽ മെട്രോളജി കൺട്രോളറുടെയും നിർദേശപ്രകാരമായിരുന്നു മിന്നൽ പരിശോധന.

​പരിശോധനയിൽ മൾട്ടിപ്ലക്സ് കഫേകളിൽ ഗുരുതരമായ നിയമലംഘനങ്ങളും വീഴ്ചകളും കണ്ടെത്തി. സ്റ്റോർ റൂമുകളിൽ കൃത്യമായ താപനിലയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാതിരിക്കുക, വിൽപനയ്ക്കായി വച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങളിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുക തുടങ്ങിയ വീഴ്ചകൾ വരുത്തിയ സ്ഥാപനങ്ങൾക്കാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടിസ് നൽകിയത്.

​തീറ്ററുകളിൽ വിൽക്കുന്ന സാധനങ്ങളുടെ വിലവിവരപ്പട്ടിക എല്ലാവർക്കും കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കാനും കാണികൾക്ക് സൗജന്യ കുടിവെള്ളം ലഭ്യമാക്കാനും സിവിൽ സപ്ലൈസ് അധികൃതർ കർശന നിർദേശം നൽകി. അതേസമയം, പരിശോധനയിൽ അളവുതൂക്ക ഉപകരണങ്ങളിൽ ക്രമേടുക്കേടുകളോ നിയമലംഘനങ്ങളോ കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

​ജില്ലാ സിവിൽ സപ്ലൈസ് ഓഫീസർ എം.എം. പ്രജുല, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർമാരായ കെ.കെ. നാസർ, ബിനു ബാലക്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ ലസിക, രജിത, ഗിരീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംയുക്ത സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.