പുനർജനി കേസ് വി.ഡി.സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു

പുനർജനി പദ്ധതി ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പങ്കില്ലെന്ന് വിജിലൻസ് കണ്ടെത്തി. സതീശനെതിരെയുള്ള എല്ലാ തുടർനടപടികളും അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

പുനർജനി കേസ് വി.ഡി.സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചു
പുനർജനി കേസ്: വി.ഡി.സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്; അന്വേഷണം അവസാനിപ്പിച്ചു

പുനർജനി പദ്ധതി ആരോപണം: വി.ഡി.സതീശന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്; കേസുമായി ബന്ധപ്പെട്ട തുടർന്നുള്ള നടപടികൾ അവസാനിപ്പിച്ചു

തിരുവനന്തപുരം: പ്രളയബാധിതർക്കായി ആവിഷ്കരിച്ച പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് യാതൊരു പങ്കുമില്ലെന്ന് വിജിലൻസ് കണ്ടെത്തി. സതീശനെതിരെ ഒരു തെളിവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

​പുനർജനി പദ്ധതിക്കുള്ള ഫണ്ട് എറണാകുളം ആസ്ഥാനമായ മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് എത്തിയതെന്നാണ് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ, ഇതിൽ വി.ഡി.സതീശന് പങ്കുണ്ടെന്ന് കണ്ടെത്താൻ വിജിലൻസിന് കഴിഞ്ഞിട്ടില്ല. അഴിമതി നിരോധന നിയമത്തിന്റെ 7 എ വകുപ്പിൽ പറയുന്ന കുറ്റങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും തുടർന്നുള്ള നടപടികൾ ആവശ്യമില്ലെന്നുമാണ് വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ടിലുള്ളത്.

​സതീശൻ നേരിട്ട് ഒരു രൂപയുടെ ഇടപാടും നടത്തിയിട്ടില്ലെന്നും മുൻ സർക്കാരിന്റെ കാലത്തെ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഭരണം മാറിയതിന്റെ പേരിൽ ക്ലീൻ ചിറ്റ് നൽകിയതല്ലെന്നും, ഫയലുകൾ വിശദമായി പഠിച്ച ശേഷമുള്ള വിജിലൻസ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടികൾ അവസാനിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​എന്താണ് പുനർജനി കേസ്?

​പറവൂർ മണ്ഡലത്തിൽ പ്രളയത്തിൽ വീടും ഉപജീവനവും നഷ്ടപ്പെട്ടവർക്കായി വി.ഡി.സതീശൻ ആവിഷ്‌കരിച്ച 'പുനർജനി' പദ്ധതിക്ക് വിദേശത്തു പണപ്പിരിവ് നടത്തിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം നടന്നത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചുവെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ പരിധിയിൽ വന്നു. പറവൂരിൽ വീടു തകർന്ന 280 പേർക്കാണ് ഇതിനകം പുനർജനി പദ്ധതിയിലൂടെ വീടു നിർമിച്ചു നൽകിയത്. ഇതിൽ 37 വീടുകൾ വിദേശ മലയാളികളുടെ സ്പോൺസർഷിപ്പ് മുഖേന നിർമിച്ചവയാണ്.

​ദുബായിലും യുകെയിലും നടത്തിയ സന്ദർശനത്തിൽ പദ്ധതിക്കായി സഹായം അഭ്യർത്ഥിച്ചിരുന്നു. വിദേശത്തു പണപ്പിരിവ് നടത്തിയെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് ചാലക്കുടി കാതികൂടം ആക്‌ഷൻ കൗൺസിൽ ഭാരവാഹി ജയ്‌സൺ പാനികുളങ്ങരയാണ് വിജറൻസിന് പരാതി നൽകിയത്.

​പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ ബാങ്ക് അക്കൗണ്ട് തുറക്കുകയും 2018 നവംബർ 27 മുതൽ 2022 മാർച്ച് 8 വരെ 1.27 കോടി രൂപ പിരിച്ചെടുത്ത് പണമിടപാട് നടത്തുകയും ചെയ്തതായി വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിൽ വി.ഡി.സതീശൻ ഫണ്ട് കൈപ്പറ്റിയതായോ ഫൗണ്ടേഷന്റെ ചുമതലകൾ വഹിച്ചതായോ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.