23 കോടിയുടെ നാമ്പ്രാണി തടയണ നാടിന് സമർപ്പിച്ചു പി.കെ കുഞ്ഞാലിക്കുട്ടി
കടലുണ്ടിപ്പുഴയിൽ മലപ്പുറം നഗരസഭ 23 കോടി രൂപ ചെലവിൽ നിർമ്മിച്ച നാമ്പ്രാണി തടയണ വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
മലപ്പുറത്തിന്റെ ജലക്ഷാമത്തിന് പരിഹാരമായി നാമ്പ്രാണി തടയണ തുറന്നു; വികസനക്കുതിപ്പിൽ മലപ്പുറം നഗരമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മലപ്പുറം നഗരസഭയും സമീപ പ്രദേശങ്ങളിലെയും ജലക്ഷാമത്തിന് ശാശ്വത പരിഹാരമേകി കടലുണ്ടിപ്പുഴയിലെ നാമ്പ്രാണി തടയണ യാഥാർത്ഥ്യമായി. നഗരസഭ 23 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ തടയണ വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നാടിന് സമർപ്പിച്ചു. തടയണകൾ നാടിന്റെ ജലക്ഷാമം ഒരു പരിധിവരെ പരിഹരിക്കുമെന്നും ഇത്തരം പദ്ധതികൾ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് കരുത്താകുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
മലപ്പുറം നഗരത്തെ അത്യാധുനിക സൗകര്യങ്ങളുള്ള വികസിത ആസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. നിലവിലെ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കും. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കൂടുതൽ വികസന പദ്ധതികൾക്കായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. മുമ്പ് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ പ്രകാരം മലപ്പുറത്തേക്കുള്ള എല്ലാ റോഡുകളും വികസിപ്പിക്കുമെന്നും സാധ്യമാകുന്നയിടങ്ങളിൽ നാലുവരിപ്പാതയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം നഗരസഭ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
2100 മില്യൺ ലിറ്റർ വെള്ളം സംഭരിക്കാം
കേന്ദ്ര നഗരസഞ്ചയം പദ്ധതിയിലൂടെയാണ് ഈ അത്യാധുനിക റഗുലേറ്റർ കം ഡിസൈനിലുള്ള തടയണ നിർമ്മിച്ചിരിക്കുന്നത്. പുഴയിൽ 13 കിലോമീറ്റർ ദൂരത്തിലായി 2100 മില്യൺ ലിറ്റർ വെള്ളം സംഭരിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും. യാന്ത്രികമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന 12 മീറ്റർ വീതിയുള്ള മൂന്ന് ഷട്ടറുകളും, 10 മീറ്റർ വീതിയുള്ള ഒരു ഷട്ടറും, കൂടാതെ 6 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കൊണ്ടുള്ള ഒരു സ്ഥിരം തടയണയും അടങ്ങുന്നതാണ് ഇതിന്റെ റഗുലേറ്റർ സംവിധാനം.
ആദരവും പ്രൗഢമായ ഘോഷയാത്രയും
ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഹാരിസ് ആമിയൻ സ്വാഗതം ആശംസിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയ മുൻ നഗരസഭ ചെയർപേഴ്സൺമാരായ മുജീബ് കാടേരി, സി.എച്ച് ജമീല ടീച്ചർ എന്നിവർക്ക് മന്ത്രി നഗരസഭയുടെ ഉപഹാരം സമർപ്പിച്ചു. ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയർ ഇ.കെ പുഷ്പരാജൻ പദ്ധതി വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ജിതേഷ് ജി അനിൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ മറിയുമ്മ ശരീഫ്, പരി മജീദ്, നാണത്ത് സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, കൗൺസിലർമാരായ എം.കെ അനിൽകുമാർ, കെ.കെ ഉമ്മർ, അസി. എക്സി. എഞ്ചിനീയർ പി. ഷബീബ് എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ ബാവ, ഖാദർ മേൽമുറി, എ.ജെ ആന്റണി, അഡ്വ. എ.കെ ഷിബു, നാസർഅലി കൊടിയാടൻ, സി.എച്ച് നൗഷാദ്, വില്ലൊടി സുന്ദരൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു.
ഉദ്ഘാടനത്തിന് മുന്നോടിയായി ശാന്തി തീരം പാർക്ക് പരിസരത്ത് നിന്ന് ആരംഭിച്ച് തടയണയ്ക്ക് സമീപത്തെ തീരത്തൊരുക്കിയ വേദി വരെ നീണ്ട പ്രൗഢമായ ഘോഷയാത്രയും ഉണ്ടായിരുന്നു