നിയമസഭാ തിരഞ്ഞെടുപ്പ് മൂവായിരം പോലീസുകാരെ വിന്യസിച്ച് റൂറൽ ജില്ലാ പോലീസ് സുരക്ഷ ശക്തം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂറൽ ജില്ലാ പോലീസ് സുരക്ഷ ശക്തമാക്കി. 3000 പോലീസുകാരെയും കേന്ദ്രസേനയെയും വിന്യസിച്ചു. ദുർഘട മേഖലകളിലെ ബൂത്തുകൾക്ക് പ്രത്യേക നിരീക്ഷണം.
നിയമസഭാ തിരഞ്ഞെടുപ്പ്: മൂവായിരം പോലീസുകാരെ വിന്യസിച്ച് റൂറൽ ജില്ലാ പോലീസ്; സുരക്ഷ ശക്തം
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളുമായി റൂറൽ ജില്ലാ പോലീസ് സജ്ജമായി. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ്റെ നേതൃത്വത്തിൽ മൂവായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാന പാലനത്തിനും സുരക്ഷയ്ക്കുമായി കേന്ദ്രസേനയിൽ നിന്നുള്ള 300 ഉദ്യോഗസ്ഥർക്ക് പുറമെ തമിഴ്‌നാട് പോലീസും സേവനത്തിനുണ്ടാകും.
തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കുന്നതിനായി 94 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളെ ചുമതലപ്പെടുത്തി. ഓരോ പട്രോളിംഗ് ടീമിനൊപ്പവും നടപടികൾ ചിത്രീകരിക്കുന്നതിനായി പ്രത്യേക ക്യാമറ ടീമും സജ്ജമാണ്. കൂടാതെ 1852 സ്പെഷ്യൽ പോലീസുകാരും തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമാകും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സ്റ്റേഷൻ തലത്തിൽ ലോ ആൻഡ് ഓർഡർ പട്രോളിംഗ് സംഘങ്ങളെയും ക്വിക്ക് റെസ്പോൺസ് ടീമിനെയും (QRT) വിന്യസിച്ചിട്ടുണ്ട്.
റൂറൽ പരിധിയിലെ ആറ് ഇലക്ഷൻ സബ് ഡിവിഷനുകളിലായി ആകെ 1989 ബൂത്തുകളാണുള്ളത്. ഇതിൽ എത്തിപ്പെടാൻ പ്രയാസമുള്ള ആറ് ബൂത്തുകളിൽ പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ പൊങ്ങൻചുവട്, കുട്ടംപുഴ സ്റ്റേഷനു കീഴിലെ തലവച്ചപ്പാറ, കുഞ്ഞിപ്പാറ, തേറകുടി, താളുംകണ്ടം, വാരിയം എന്നീ ബൂത്തുകളിലാണിത്. ഈ മേഖലകളിൽ ആശയവിനിമയത്തിനായി പ്രത്യേക വയർലെസ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിൻ്റെ (ITBP) സഹകരണത്തോടെ വിവിധയിടങ്ങളിൽ റൂട്ട് മാർച്ചുകൾ നടത്തി. പ്രധാന ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങൾ എന്നിവ ജില്ലാ പോലീസ് മേധാവി നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന സുരക്ഷാ അവലോകന യോഗം എസ്.പി കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്.പി വി.കെ. രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

