2018 ലെ പ്രളയം അഴിമതിയുടെ ഫലം മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് പറയുന്ന ശബ്ദരേഖയുമായി മാത്യു കുഴൽനാടൻ
2018 ലെ കേരള പ്രളയം മനുഷ്യനിർമിതമാണെന്നും മണൽ മാഫിയയെ സഹായിക്കാൻ ഡാമുകൾ തുറക്കാൻ വൈകിപ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്നും ആരോപിച്ചുകൊണ്ട് മാത്യു കുഴൽനാടൻ എംഎൽഎ പുറത്തുവിട്ട ശബ്ദരേഖ രാഷ്ട്രീയ ചർച്ചയാകുന്നു.
2018ലെ പ്രളയം മനുഷ്യനിർമിതമാണെന്നും ഇതിനു പിന്നിൽ അഴിമതിയാണെന്നുമുള്ള ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ. അഴിമതിക്ക് തെളിവായി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെട്ട ഫോൺ സംഭാഷണവും കുഴൽനാടൻ പുറത്തുവിട്ടു. സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാനായി ഡാമുകൾ തുറക്കാൻ വൈകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് ആരോപണം. അന്നത്തെ ജലസേചന വകുപ്പ് മന്ത്രി മാത്യു ടി.തോമസിനും എൽഡിഎഫിലെ മറ്റു നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും കൃഷ്ണൻകുട്ടിയുടെ ഫോൺ സംഭാഷണം ചൂണ്ടിക്കാട്ടി കുഴൽനാടൻ ആരോപിച്ചു.കൃഷ്ണൻകുട്ടി സ്വന്തം പാർട്ടിയിലെ മുതിർന്ന ഒരംഗത്തോട് സംസാരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളതെന്ന് കുഴൽനാടൻ പറഞ്ഞു. ‘അധികം പുണ്യാളനൊന്നും ചമയണ്ട’ എന്ന് കൃഷ്ണൻകുട്ടി പറയുന്നത് സ്വന്തം പാർട്ടിയിലെ തന്നെ അംഗമായ മാത്യു ടി. തോമസിനെക്കുറിച്ചാണെന്നും കുഴൽനാടൻ പറഞ്ഞു. തോട്ടപ്പിള്ളി സ്പിൽവേ തുറക്കാൻ വൈകിയതാണ് പ്രളയത്തിനുള്ള കാരണങ്ങളിലൊന്നെന്ന് ഫോൺ സംഭാഷണത്തിൽ പറയുന്നു. ‘‘ഇത് ഒരുമാസം മുൻപേ തുറക്കേണ്ടതായിരുന്നു. അത് തുറക്കണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിട്ടും തുറന്നില്ല. അത് തുറന്നാല്‍ താഴെയുള്ള മണൽത്തിട്ട വെള്ളം കൊണ്ടുപോകും. ഒരു സ്വകാര്യ കമ്പനി മണലിന്റെ കരാര്‍ എടുത്തിരിക്കുന്നത് ക്യുബിക് മീറ്ററിന് 62 രൂപയ്ക്കാണ്. അത് മറിച്ചു വിറ്റാൽ 2000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടി രൂപയെങ്കിലും കിട്ടും’’– ഫോൺ സംഭാഷണത്തിൽ പറയുന്നു. തോട്ടപ്പിള്ളി സ്പിൽവേയ്ക്ക് താഴെയുള്ള കരിമണൽ ഒഴുകി പോകാതിരിക്കാൻ ഡാം തുറക്കാൻ വൈകിയെന്നും ഇത് കരാറുകാർക്ക് ലാഭമുണ്ടാക്കാനായിരുന്നു എന്നുമാണ് ആരോപണം. പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ വൈകിയതിനു പിന്നിലും അഴിമതിയാണെന്ന് ഫോൺ സംഭാഷണം ചൂണ്ടിക്കാട്ടി കുഴൻനാടൻ ആരോപിച്ചു. നേരത്തെ തുറന്നു വിടേണ്ടിയിരുന്ന ഡാം അവസാന നിമിഷം തുറന്നതോടെ ചെങ്ങന്നൂർ മുങ്ങുകയായിരുന്നു. ആളിയാറിൽനിന്ന് തമിഴ്നാട്ടിലേക്ക് തുറന്നു വിടേണ്ടിയിരുന്ന വെള്ളം അവിടുത്തെ കോൺട്രാക്ടറുടെ താൽപര്യം സംരക്ഷിക്കാനായി വെള്ളം ഒഴുക്കാതെ പിടിച്ചു നിർത്തിയെന്നതാണ് മറ്റൊരു ആരോപണം. ഒടുവില്‍ ആളിയാറിലെ വെള്ളം ഒരുമിച്ച് തുറന്നതാണ് ചാലക്കുടിയെ മുക്കിയത് എന്നും ഫോൺ സംഭാഷണം ചൂണ്ടിക്കാട്ടി കുഴല്‍നാടൻ പറയുന്നു.
ശബ്ദരേഖ വ്യാജമാണെന്നും എഐ ആയിരിക്കാമെന്നും കെ.കൃഷ്ണൻകുട്ടി പ്രതികരിച്ചു. നിയമസഭയിൽ മാത്യു കുഴൽനാടൻ എന്തുകൊണ്ട് ഇക്കാര്യം ഉന്നയിച്ചില്ല. ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. ശബ്ദരേഖ വ്യാജമാണെന്ന് മാത്യു ടി.തോമസും വ്യക്തമാക്കി. പ്രളയത്തിനു കാരണമായത് അതിതീവ്ര മഴയാണ്. ശാസ്ത്രീയമായി അത് തെളിയിക്കപ്പെട്ടതാണ്. സ്പില്‍വേകൾ ആ സമയത്ത് തുറന്നിരുന്നു. പ്രളയശേഷമുള്ള തിരഞ്ഞെടുപ്പുകളിലും താൻ വിജയിച്ചിട്ടുണ്ടെന്നും മാത്യു ടി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
