നടിയെ ആക്രമിച്ച കേസ് ദിലീപിന് ഹൈക്കോടതി നോട്ടീസ് സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സർക്കാരിന്റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു.

നടിയെ ആക്രമിച്ച കേസ് ദിലീപിന് ഹൈക്കോടതി നോട്ടീസ് സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു
നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതി നോട്ടീസ്; സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

​നടിയെ ആക്രമിച്ച കേസ്: ദിലീപിന് ഹൈക്കോടതി നോട്ടീസ്; സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

​കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപ് ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നടപടി.

​ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്നും, ദിലീപ് ഉൾപ്പെടെ വെറുതെ വിട്ടവരെ ശിക്ഷിക്കണമെന്നുമാണ് സർക്കാരിന്റെ പ്രധാന ആവശ്യം. അപ്പീൽ നൽകാൻ വൈകിയ 17 ദിവസത്തെ കാലതാമസം കോടതി സ്വമേധയാ തീർപ്പാക്കി. ജയിലിൽ കഴിയുന്ന പൾസർ സുനി ഉൾപ്പെടെയുള്ള ആറു പ്രതികൾക്ക് ജയിൽ സൂപ്രണ്ട് വഴിയും, ദിലീപ് അടക്കമുള്ളവർക്ക് നേരിട്ടുമാണ് നോട്ടീസ് അയക്കുക.

​ഗൂഢാലോചനയിൽ വിചാരണ കോടതിക്ക് പിഴവ് പറ്റിയെന്ന് സർക്കാർ

ദിലീപ് ഉൾപ്പെടെയുള്ള നാല് പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി നിയമപരമായി നിലനിൽക്കില്ലെന്ന് സർക്കാർ അപ്പീലിൽ ചൂണ്ടിക്കാട്ടി. വസ്തുതകളും തെളിവുകളും പരിശോധിക്കുന്നതിൽ കോടതി പരാജയപ്പെട്ടു. ദിലീപ്, ചാർളി തോമസ്, മേസ്തിരി സനിൽ, ശരത് എന്നിവരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കണ്ടാണ് വിചാരണ കോടതി വിട്ടയച്ചിരുന്നത്. ഇത് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് നിലവിൽ ലഭിച്ച 20 വർഷം കഠിനതടവ് പോരെന്നും, ഇവർക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ഒരു സ്ത്രീയുടെ അന്തസ്സിനെയും സ്വകാര്യതയെയും ബാധിക്കുന്ന ക്രൂരമായ കുറ്റകൃത്യത്തിന് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അപ്പീലിൽ വ്യക്തമാക്കുന്നു.