വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി കേരളത്തിലേക്ക് ആദ്യ യൂണിറ്റ് വയനാട് വെങ്ങപ്പള്ളിയിൽ

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ വിജയ്‌യുടെ ടിവികെ കേരളത്തിലേക്കും. വയനാട് വെങ്ങപ്പള്ളിയിൽ ആദ്യ യൂണിറ്റ് രൂപീകരണ നടപടികൾ തുടങ്ങി.

വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി കേരളത്തിലേക്ക് ആദ്യ യൂണിറ്റ് വയനാട് വെങ്ങപ്പള്ളിയിൽ
വെങ്ങപ്പള്ളിയിൽ വിജയ്ക്കായി സ്ഥാപിച്ച ഫ്ലക്സ്

​കേരളത്തിലും ചുവടുറപ്പിക്കാൻ വിജയ്; തമിഴക വെട്രി കഴകത്തിന്റെ ആദ്യ യൂണിറ്റ് വയനാട്ടിൽ

​വയനാട്: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് പിന്നാലെ നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' (TVK) കേരളത്തിലേക്കും. വയനാട് ജില്ലയിലെ വെങ്ങപ്പള്ളിയിലാണ് പാർട്ടിയുടെ കേരളത്തിലെ ആദ്യ യൂണിറ്റ് രൂപീകരിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടത്. തമിഴ്‌നാടിനോട് അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയിൽ വയനാട്ടിലെ യുവാക്കൾക്കിടയിൽ വിജയ്‌ക്കും പാർട്ടിക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്.

​കൽപറ്റയ്ക്ക് സമീപമുള്ള വെങ്ങപ്പള്ളിയിലെ ഒരു കൂട്ടം യുവാക്കളാണ് പാർട്ടിയുടെ 'മൈ ടിവികെ' (My TVK) ആപ്പ് വഴി യൂണിറ്റ് രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ചത്. സഫ്‌വാൻ ഖലീലിന്റെ നേതൃത്വത്തിലുള്ള ഇരുപതംഗ സംഘമാണ് ഈ നീക്കത്തിന് പിന്നിൽ. ഐടി പ്രൊഫഷണലുകളും കൊമേഴ്‌സ് ബിരുദധാരികളും അടങ്ങുന്ന അഭ്യസ്തവിദ്യരായ യുവാക്കളാണ് ഈ കൂട്ടായ്മയിലുള്ളത് എന്നത് ശ്രദ്ധേയമാണ്.

​ടിവികെയുടെ തമിഴ്‌നാട്ടിലെ വിജയത്തിൽ ആവേശം ഉൾക്കൊണ്ട് വെങ്ങപ്പള്ളി ടൗണിൽ യുവാക്കൾ വലിയ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരുന്നു. പാർട്ടിയുടെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഔദ്യോഗിക യോഗം ചേർന്ന് ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് ഇവരുടെ തീരുമാനം. വയനാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിജയ് ആരാധകർ തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ യൂണിറ്റുകൾ നിലവിൽ വരുമെന്നും ഇവർ അവകാശപ്പെടുന്നു. കേരളത്തിലെ മറ്റു ജില്ലകളിലേക്കും വിജയ് ആരാധകർ വഴി പാർട്ടി സജീവമാകാനുള്ള സാധ്യതയാണ് ഇതോടെ തെളിയുന്നത്..