18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി പൈർ

വിനോദ് കാപ്രി സംവിധാനം ചെയ്ത 18 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ പൈർ (ചിത) സിനിമയുടെ മലയാളം പതിപ്പ് നവംബർ 6ന് തിയേറ്ററുകളിലെത്തുന്നു.

18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി പൈർ
18 അന്താരാഷ്ട്ര പുരസ്കാരങ്ങളുമായി ‘പൈർ’; മലയാളം പതിപ്പ് നവംബർ 6ന് തിയേറ്ററുകളിൽ

​18 അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ ‘പൈർ’ മലയാളം പതിപ്പ് നവംബർ 6ന് തിയേറ്ററുകളിലേക്ക്

​കൊച്ചി: 15 മികച്ച ചിത്രത്തിനുള്ള പുരസ്കാരങ്ങൾ ഉൾപ്പെടെ ആകെ 18 അന്താരാഷ്ട്ര അംഗീകാരങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ചിത്രം ‘പൈർ’ (ചിത) നവംബർ 6-ന് ഇന്ത്യയിലെ തിയേറ്ററുകളിലെത്തുന്നു. വിനോദ് കാപ്രി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ മലയാളം പതിപ്പും ഇതേ ദിവസം തന്നെ പ്രേക്ഷകരിലേക്ക് എത്തും.

​ഉത്തരാഖണ്ഡിലെ ഹിമാലയൻ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പ്രണയം, വാർധക്യം, ഏകാന്തത, ജീവിതപങ്കാളിത്തം എന്നിവയുടെ വൈകാരിക തലങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്. വിനോദ് കാപ്രി, അരിന്ദ്ര റായ് ചൗധരി, സുരേഷ് ജോഷി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

​ജനവാസം കുറഞ്ഞുവരുന്ന മലയോര ഗ്രാമത്തിൽ ജീവിക്കുന്ന വയോധികരായ ദമ്പതികളുടെ കഥയാണ് ‘പൈർ’. യാതൊരു പ്രൊഫഷണൽ അഭിനയ പാരമ്പര്യവുമില്ലാത്ത തദ്ദേശീയരായ 80 വയസ്സുകാരൻ പദം സിങ്, 70 വയസ്സുകാരി ഹീരാ ദേവി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും സ്വാഭാവികമായ പ്രകടനം സിനിമയ്ക്ക് വലിയ വൈകാരിക ആഴം നൽകുന്നു.

​എസ്റ്റോണിയയിലെ പ്രശസ്തമായ ടാലിൻ ബ്ലാക്ക് നൈറ്റ്സ് ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ വേൾഡ് പ്രീമിയർ. ലണ്ടൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ജർമനിയിലെ സ്റ്റുട്ട്ഗാർട്ട് ഫിലിം ഫെസ്റ്റിവൽ, ഡി.സി. സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ പ്രമുഖ മേളകളിൽ ചിത്രം അവാർഡുകൾ നേടിയിട്ടുണ്ട്.

​അക്കാദമി അവാർഡ് ജേതാവ് മൈക്കൽ ഡന്നയും സാർ സിംഗാളും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഗുൽസാർ എഴുതിയ വരികൾക്ക് പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞ ശ്രുതി സദോലിക്കറാണ് ആലാപനം നിർവഹിച്ചിരിക്കുന്നത്.

​കേരളത്തിന് പുറമേ ബെംഗളൂരുവിലും ഹൈദരാബാദിലെ പ്രമുഖ തിയേറ്ററുകളിലും (സിനിപോളിസ് ടി.എൻ.ആർ, ഐനോക്സ് പ്രിസം, പി.വി.ആർ. ആട്രിയം, എ.എം.ബി. സിനിമാസ്) ചിത്രം പ്രദർശനത്തിനെത്തും.