എറണാകുളം റൂറലിൽ ഓപ്പറേഷൻ തൂഫാൻ 80 കേസുകൾ, 85 പേർ അറസ്റ്റിൽ, വൻ ലഹരിവേട്ട
എറണാകുളം റൂറൽ ജില്ലയിൽ ലഹരിക്കെതിരെ പോലീസ് നടത്തിയ ഓപ്പറേഷൻ തൂഫാൻ സ്പെഷ്യൽ ഡ്രൈവിൽ 80 കേസുകൾ രജിസ്റ്റർ ചെയ്തു. എംഡിഎംഎ, ഹെറോയിൻ, കഞ്ചാവ് എന്നിവയുമായി 85 പേർ പിടിയിലായി.
എറണാകുളം റൂറൽ ജില്ലയിൽ 'ഓപ്പറേഷൻ തൂഫാൻ': 80 കേസുകൾ, 85 പേർ അറസ്റ്റിൽ
കൊച്ചി: ലഹരിമരുന്നിനും നിരോധിത പുകയില ഉൽപന്നങ്ങൾക്കുമെതിരെ എറണാകുളം റൂറൽ ജില്ലയിൽ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ ('ഓപ്പറേഷൻ തൂഫാൻ') 80 കേസുകൾ രജിസ്റ്റർ ചെയ്തു. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ നിന്നായി 85 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ അഞ്ചുപേരെ കോടതി റിമാൻഡ് ചെയ്തു.
റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ, ലോഡ്ജുകൾ, ഇതര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും സംശയസ്പദമായ വാഹനങ്ങൾ തടഞ്ഞുനിർത്തിയുമായിരുന്നു പോലീസിന്റെ അർദ്ധരാത്രി പ്രത്യേക പരിശോധന. പെരുമ്പാവൂരിൽ പത്തും, എടത്തലയിൽ ആറും, ആലുവയിൽ അഞ്ചും കേസുകൾ വീതമാണ് ഡ്രൈവിൽ രജിസ്റ്റർ ചെയ്തത്.
വൻ ലഹരിവേട്ട
പരിശോധനകളിൽ മാരക ലഹരിമരുന്നുകളടക്കം വൻതോതിൽ പോലീസ് പിടിച്ചെടുത്തു. 2.45 ഗ്രാം എം.ഡി.എം.എ (MDMA), 115.13 ഗ്രാം കഞ്ചാവ്, 20 കഞ്ചാവ് ബീഡികൾ, 5.02 ഗ്രാം ഹെറോയിൻ, 5.34 ഗ്രാം ഹാഷിഷ് എന്നിവയാണ് പിടിച്ചെടുത്ത പ്രധാന ലഹരിവസ്തുക്കൾ.
ലഹരിമരുന്ന് ചെറിയ അളവിൽ കൈവശം വെച്ചതിന് 40 കേസുകളിലായി 40 പേർ അറസ്റ്റിലായിട്ടുണ്ട്. ഇടത്തരം അളവിൽ മയക്കുമരുന്ന് സൂക്ഷിച്ച ഒരു കേസിൽ 5 പേരെയാണ് പിടികൂടിയത്. ലഹരി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് എൻ.ഡി.പി.എസ് (NDPS) ആക്ട് 27-ാം വകുപ്പ് പ്രകാരം 21 കേസുകൾ രജിസ്റ്റർ ചെയ്യുകയും 22 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയതിന് 18 കേസുകളിലായി 18 പേരും പോലീസിന്റെ പിടിയിലായി. വരും ദിവസങ്ങളിലും ജില്ലയിൽ ഇത്തരം കർശന പരിശോധനകൾ തുടരുമെന്ന് റൂറൽ പോലീസ് അറിയിച്ചു.