ഇ ഗ്രാം സ്വരാജ് പോർട്ടൽ സാമ്പത്തിക ഇടപാടുകൾ തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി ജോയിന്റ് ഡയറക്ടർ
തദ്ദേശ സ്ഥാപനങ്ങളിലെ ഇ ഗ്രാം സ്വരാജ് പോർട്ടൽ വഴിയുള്ള സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ കർശന നിർദ്ദേശങ്ങളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ രംഗത്ത്.
ഇ-ഗ്രാം സ്വരാജ് പോർട്ടൽ സാമ്പത്തിക ഇടപാടുകൾ: തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി ജോയിന്റ് ഡയറക്ടർ
ആലപ്പുഴ : ഇ-ഗ്രാം സ്വരാജ് പോർട്ടൽ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾക്കും കർശന നിർദ്ദേശങ്ങളുമായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ. പോർട്ടലിലെ സാമ്പത്തിക കൈകാര്യം ചെയ്യലുകളിൽ വീഴ്ചകൾ ഒഴിവാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ഔദ്യോഗിക മൊബൈൽ നമ്പറുകൾ മാത്രം; ഒ.ടി.പി സെക്രട്ടറിമാർക്ക്
പോർട്ടലിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകൾ ബന്ധപ്പെട്ട തദ്ദേശ സ്ഥാപന സെക്രട്ടറിമാർ അടിയന്തിരമായി പരിശോധിക്കണം. നിലവിൽ താൽക്കാലിക/കരാർ ജീവനക്കാരുടെയോ പ്രോജക്ട് അസിസ്റ്റന്റുമാരുടെയോ നമ്പറുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതെങ്കിൽ അവ ഉടനടി മാറ്റി സെക്രട്ടറിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. പേയ്മെന്റുകൾക്ക് വരുന്ന ഒ.ടി.പി (OTP) സെക്രട്ടറിമാർക്ക് മാത്രമേ ലഭിക്കാവൂ എന്ന് ഉറപ്പുവരുത്തണം.
ലോഗിൻ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം
പോർട്ടലിലെ 'മേക്കർ' (Maker), 'ചെക്കർ' (Checker) ലോഗിൻ വിവരങ്ങൾ അതത് ഉദ്യോഗസ്ഥരും അധികാരികളും തികച്ചും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. യാതൊരു കാരണവശാലും രണ്ട് ലോഗിനുകളും ഒരാൾ തന്നെ കൈകാര്യം ചെയ്യാനോ, ലോഗിൻ ഐഡിയും പാസ്‌വേഡും മറ്റുള്ളവർക്ക് കൈമാറാനോ പാടില്ല.
കരാർ/ദിവസവേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള ജീവനക്കാർക്കോ പ്രോജക്ട് അസിസ്റ്റന്റുമാർക്കോ ഇ-ഗ്രാം സ്വരാജ് പോർട്ടലിന്റെ മേക്കർ, ചെക്കർ ലോഗിൻ അനുമതികൾ നൽകാൻ പാടില്ല. സാങ്കേതിക സഹായങ്ങൾക്കായി ടെക്നിക്കൽ അസിസ്റ്റന്റുമാരുടെ സേവനം മാത്രം വിനിയോഗിക്കാം. എന്നാൽ ഇത് പൂർണ്ണമായും ബന്ധപ്പെട്ട അക്കൗണ്ടന്റുമാരുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും മാത്രമായിരിക്കണം.
പരിശോധനയും കൃത്യതയും ഉറപ്പാക്കണം
ജില്ലാ ആസൂത്രണ സമിതി (DPC) അംഗീകരിച്ച പ്രോജക്ടുകൾക്ക് മാത്രമേ പേയ്മെന്റ് നടന്നിട്ടുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഓരോ പ്രോജക്ട് ഫയലും പരിശോധിച്ച്, ഗുണഭോക്താവിന്റെ ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പിലെ അക്കൗണ്ട് വിവരങ്ങൾ തന്നെയാണ് പോർട്ടലിലും ഉള്ളതെന്ന് സെക്രട്ടറിമാർ ഉറപ്പാക്കണം. പേയ്മെന്റ് വൗച്ചർ പ്രിന്റ് എടുത്ത് പ്രോജക്ട് ഫയലിനൊപ്പം സൂക്ഷിക്കണം.
ഇ-ഗ്രാം സ്വരാജ് പോർട്ടലിൽ രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ചെലവുകളും 'സുലേഖ' പോർട്ടലിലും വന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. വാർഷിക ധനകാര്യ പത്രികയിലെ ധനകാര്യകമ്മിഷൻ കണക്കുകൾ ഇ-ഗ്രാം സ്വരാജ്, സുലേഖ എന്നിവയിലെ കണക്കുകളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. കൂടാതെ, എല്ലാ മാസവും കൃത്യമായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് വാങ്ങി റീകൺസിലിയേഷൻ നടത്തുകയും വ്യത്യാസങ്ങൾ ഉണ്ടായാൽ കാരണം കണ്ടെത്തുകയും വേണം.
ഇതുവരെ നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ സാമ്പത്തിക തിരിമറികളോ നടന്നിട്ടുണ്ടോ എന്ന് എല്ലാ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാരും അടിയന്തിരമായി പരിശോധിക്കണം. എന്തെങ്കിലും വീഴ്ചകൾ കണ്ടെത്തിയാൽ അത് ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു.