ലോഡ് ഷെഡിങ് താൽക്കാലികം മാത്രം പവർ എക്സ്ചേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി, ചൂടിന് ആശ്വാസമായി മഴയും
സംസ്ഥാനത്ത് പ്രഖ്യാപിച്ച വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി കെഎസ്ഇബി. കൂടംകുളത്ത് നിന്നും പവർ എക്സ്ചേഞ്ച് വഴിയും കൂടുതൽ വൈദ്യുതി ലഭ്യമാകുന്നതോടെ പ്രതിസന്ധി ഉടൻ തീരുമെന്ന് അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡിങ്) അധികനാൾ നീണ്ടുനിൽക്കില്ലെന്ന് കെഎസ്ഇബി. നിലവിൽ നേരിടുന്ന 200 മെഗാവാട്ടിന്റെ കുറവ് പരിഹരിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി കെഎസ്ഇബി വിശദീകരിച്ചു.
കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചു തുടങ്ങിയത് വലിയ ആശ്വാസമാണ്. ഇതിനുപുറമെ, മുൻപുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ടും ലഭ്യമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച 250 മെഗാവാട്ട് വൈദ്യുതി കൂടി മെയ് ആദ്യവാരത്തോടെ പൂർണ്ണമായി ലഭിക്കുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകും.
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വേനൽ മഴ ലഭിച്ചു തുടങ്ങിയത് ശുഭസൂചനയായാണ് കെഎസ്ഇബി കാണുന്നത്. മഴ പെയ്യുന്നതോടെ ചൂട് കുറയുന്നതും വൈദ്യുതി ഉപഭോഗം താഴുന്നതും ലോഡ് ഷെഡിങ് ഒഴിവാക്കാൻ സഹായിക്കും. മെയ് ആദ്യവാരം ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടെങ്കിലും, അപ്പോഴേക്കും കൂടുതൽ വൈദ്യുതി സ്രോതസ്സുകൾ ലഭ്യമാകുമെന്നാണ് കണക്കുകൂട്ടൽ.
വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള 'പീക്ക് അവർ' സമയത്ത് അര മണിക്കൂർ വരെ നിയന്ത്രണമാണ് നിലവിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വൈദ്യതി വിതരണ ശൃംഖലയുടെ സുരക്ഷ മുൻനിർത്തിയാണ് ഈ താത്കാലിക ക്രമീകരണമെന്നും അധികൃതർ വ്യക്തമാക്കി. പ്രകൃതിയിലുണ്ടായ മാറ്റങ്ങൾ വൈദ്യുതി ഉൽപാദനത്തെ ബാധിച്ചതാണ് പെട്ടെന്നുള്ള ഈ നിയന്ത്രണത്തിന് കാരണമായതെന്ന് വൈദ്യുതി മന്ത്രിയും അറിയിച്ചു.