കഞ്ഞിപ്പാത്രവും തലയിലേറ്റി കാട്ടിലേക്ക് ഓടിയ കാലം കഴിഞ്ഞു ഇനി ഈ മണ്ണ് എന്റേതാണ് വികാരാധീനയായി തങ്കമ്മ
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് കുട്ടമ്പുഴ വില്ലേജിലെ 69 കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. മണികണ്ഠൻചാൽ സ്വദേശിനി തങ്കമ്മയുടെയും 84 കാരിയായ രാജമ്മയുടെയും വൈകാരികമായ അനുഭവങ്ങൾ
അടുപ്പത്തെ കഞ്ഞിപ്പാത്രവുമായി കാട്ടിലേക്ക് ഓടിയൊളിച്ച ആ പഴയ പേടിസ്വപ്നങ്ങൾക്ക് അന്ത്യം; 50 വർഷത്തെ കണ്ണീരിന് മറുപടിയായി തങ്കമ്മയ്ക്ക് ഇനി സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കാം
കോതമംഗലം: "കുടിയൊഴിപ്പിക്കാൻ വരുന്ന സ്‌ക്വാഡുകാരെ പേടിച്ച്, അടുപ്പത്ത് വെച്ച കഞ്ഞി പാത്രത്തോടെ തലയിൽ ചുമന്ന്, ആ ചൂട് പോലും വകവെക്കാതെ കാടിനുള്ളിലേക്ക് ഓടി ഒളിച്ച കാലമുണ്ടായിരുന്നു ഞങ്ങൾക്ക്. അവിടെ നിന്ന് സ്വന്തം മണ്ണാണെന്ന ധൈര്യത്തോടെ കാലുറപ്പിച്ചു നിൽക്കാനുള്ള അവസ്ഥയിലേക്ക് എത്തിയല്ലോ, അതുമതി..." കുട്ടമ്പുഴ ടൗൺഹാളിൽ വെച്ച് പട്ടയം ഏറ്റുവാങ്ങുമ്പോൾ മണികണ്ഠൻ ചാൽ സ്വദേശിനി പുതിയാംകോട്ടിൽ തങ്കമ്മയുടെ വാക്കുകളിൽ ഒരു ആയുസ്സിലെ മുഴുവൻ കഷ്ടപ്പാടുകളും നിഴലിച്ചിരുന്നു.
പതിനാലാം വയസ്സിൽ മണികണ്ഠൻ ചാലിലേക്ക് എത്തിയ തങ്കമ്മയുടെ ജീവിതം കടുത്ത പോരാട്ടങ്ങളുടേതായിരുന്നു. ഭർത്താവും മകനും മരിച്ചതോടെ നിലവിൽ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയ്ക്ക്, തന്റെ അവസാന കാലത്തെങ്കിലും സ്വന്തം മണ്ണിൽ അന്തിയുറങ്ങാമെന്ന ആത്മവിശ്വാസമാണ് ഈ പട്ടയരേഖയിലൂടെ ലഭിച്ചിരിക്കുന്നത്.
അരനൂറ്റാണ്ടിന്റെ കാത്തിരിപ്പ് അവസാനിച്ചു
തങ്കമ്മയെപ്പോലെ തന്നെ 84-കാരിയായ ഉരുളൻതണ്ണി പുള്ളോലിൽ വീട്ടിൽ രാജമ്മ കുമാരാനും ഈ നിമിഷം വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ 50 വർഷമായി വിവിധ ഓഫീസുകൾ കയറിയിറങ്ങിയ രാജമ്മയ്ക്ക്, വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾക്കിടയിലും ലഭിച്ച ഈ അംഗീകാരം വെറുമൊരു രേഖ മാത്രമല്ല, അത് ജീവിതത്തോടുള്ള ആത്മവിശ്വാസം കൂടിയാണ്.
ചട്ടങ്ങളും നിയമപ്രശ്നങ്ങളും വനംവകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങളും പരിഹരിച്ചാണ് കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ 69 കുടിയേറ്റ കർഷക കുടുംബങ്ങൾക്ക് പട്ടയം അനുവദിച്ചത്. കോതമംഗലം സ്പെഷ്യൽ തഹസിൽദാർ ഭൂമി പതിവ് കാര്യാലയത്തിന്റെ നിരന്തരമായ പ്രവർത്തനങ്ങളാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.

