​എബോള ഭീതി കൊച്ചി വിമാനത്താവളത്തിൽ അതീവ ജാഗ്രത 24 മണിക്കൂറും നിരീക്ഷണം

എബോള വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (CIAL) മുൻകരുതൽ നടപടികൾ ശക്തമാക്കി. 24 മണിക്കൂർ നിരീക്ഷണവും തെർമൽ സ്ക്രീനിംഗും ഏർപ്പെടുത്തി

​എബോള ഭീതി കൊച്ചി വിമാനത്താവളത്തിൽ അതീവ ജാഗ്രത 24 മണിക്കൂറും നിരീക്ഷണം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

എബോള ഭീതി: കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ ശക്തമാക്കി; 24 മണിക്കൂറും നിരീക്ഷണം

കൊച്ചി: ആഗോളതലത്തിൽ എബോള വൈറസ് പടരുന്ന സാഹചര്യത്തിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (നെടുമ്പാശ്ശേരി) മുൻകരുതൽ നടപടികൾ കർശനമാക്കി. സിയാൽ, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ (APHO) എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തിര യോഗത്തിലാണ് പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. രോഗലക്ഷണങ്ങൾ മുൻകൂട്ടി കണ്ടെത്തുന്നതിനായി വിമാനത്താവളത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സർവൈലൻസ് സംവിധാനം സജ്ജീകരിക്കും.

​അന്താരാഷ്ട്ര യാത്രക്കാരെ കർശനമായ തെർമൽ സ്ക്രീനിംഗിനും വിഷ്വൽ ഇൻസ്പെക്ഷനും വിധേയരാക്കും. കൂടാതെ, യാത്രക്കാരുടെ കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രവും (Travel History) പരിശോധിക്കും. വിദേശത്തുനിന്നെത്തുന്ന എല്ലാ യാത്രക്കാരും ഇമിഗ്രേഷൻ വിഭാഗത്തിൽ നിർബന്ധമായും സെൽഫ് ഡിക്ലറേഷൻ ഫോം സമർപ്പിക്കേണ്ടതുണ്ട്.

​ലോകാരോഗ്യ സംഘടന (WHO) എബോള വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കും. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എബോള വൈറസ് വകഭേദങ്ങളിൽ 'ബുണ്ടിബുഗ്യോ എബോള വൈറസ്' (BDBV) എന്ന ഇനത്തിന് ഇതുവരെ ഫലപ്രദമായ വാക്സിനോ പ്രത്യേക ചികിത്സയോ കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യവിദഗ്ദ്ധർ യോഗത്തിൽ ചൂണ്ടിക്കാട്ടി. 30 മുതൽ 50 ശതമാനം വരെയാണ് ഈ രോഗത്തിന്റെ മരണനിരക്ക്.

​മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും, തുടർന്ന് രോഗബാധിതരുടെ ശരീര ദ്രവങ്ങളിലൂടെ മറ്റ് മനുഷ്യരിലേക്കും രോഗം പകരാൻ സാധ്യതയുണ്ട്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 2 മുതൽ 21 ദിവസത്തിനകം ലക്ഷണങ്ങൾ പ്രകടമാകും. പനി, തൊണ്ടവേദന, കടുത്ത തലവേദന തുടങ്ങിയ ഫ്ലൂ സമാന ലക്ഷണങ്ങളാണ് തുടക്കത്തിൽ കാണിക്കുക.

​രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ അടിയന്തിരമായി മാറ്റുന്നതിനായി എറണാകുളം ജനറൽ ആശുപത്രി, കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജ്, ആലുവ ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രത്യേക ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. വിമാനത്താവള ജീവനക്കാരും യാത്രക്കാരും ത്രീ-ലെയർ മാസ്ക് ധരിക്കുക, കൈകൾ സോപ്പുപയോഗിച്ച് കൃത്യമായി കഴുകുക തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

​സിയാൽ എയർപോർട്ട് ഡയറക്ടർ മനു ജി, എയർപോർട്ട് ഹെൽത്ത് ഓഫീസർ ഡോ. റാഫേൽ ടെഡി, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ആയിഷ മാനിക കെ. എ, APHO പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ. അന്ന എന്നിവരും സിഐഎസ്എഫ്, ഇമിഗ്രേഷൻ, എയർലൈൻസ് പ്രതിനിധികളും അടിയന്തിര യോഗത്തിൽ പങ്കെടുത്തു.