വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടിയിൽ സംസ്ഥാനതല വിദഗ്ധ സംഘം സന്ദർശനം നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്.

വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

വയനാട്ടിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

കൽപ്പറ്റ: വയനാട് ജില്ലയിൽ അഞ്ച് കുട്ടികൾക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഏഴാം തീയതി പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇപ്പോൾ പോസിറ്റീവായിരിക്കുന്നത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള പെൺകുട്ടികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ നിലവിൽ രോഗം ബാധിച്ച കുട്ടികളുടെ എണ്ണം എട്ടായി. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

​സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നതിനായി ആരോഗ്യ വകുപ്പ് പൊതുജനാരോഗ്യ വിഭാഗം അഡിഷണൽ ഡയറക്ടർ ഡോ. കെ.പി. റീത്തയുടെ നേതൃത്വത്തിലുള്ള സംസ്ഥാനതല വിദഗ്ധ സംഘം കോളിയാടിയും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. രോഗവ്യാപനം തടയുന്നതിനാവശ്യമായ കർശന നിർദ്ദേശങ്ങൾ സംഘം അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

​ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത നേതൃത്വത്തിൽ ശക്തമായ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളും ബോധവൽക്കരണവും പ്രദേശത്ത് ഊർജ്ജിതമാക്കി. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കുടിവെള്ള സ്രോതസ്സുകൾ ശുദ്ധീകരിക്കുന്നതിനായി പ്രത്യേക ക്ലോറിനേഷൻ ഡ്രൈവ് നടത്തിവരികയാണ്.

​പൊതുജനങ്ങൾ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി. രേഖ അറിയിച്ചു. വ്യക്തിശുചിത്വം, ഭക്ഷണശുചിത്വം, പരിസരശുചിത്വം എന്നിവയിൽ യാതൊരുവിധ വീഴ്ചയും വരുത്തരുത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടണമെന്നും ഡി.എം.ഓ വ്യക്തമാക്കി.