മഴക്കാല ശുചീകരണം വാർഡ് തലത്തിൽ 60,000 രൂപ വരെ അനുവദിച്ചു കർശന ശുചീകരണത്തിന് കളക്ടറുടെ നിർദ്ദേശം
ജില്ലയിലെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 20 നകം പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർദ്ദേശിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന ശില്പശാലയിൽ വാർഡ് തല കർമ്മപദ്ധതികൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും രൂപം നൽകി
കൊച്ചി: ഈ വർഷത്തെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് പ്ലാനിങ് സമിതി ഹാളിലായിരുന്നു യോഗം. ജില്ലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്നിന് ആരംഭിച്ച് 20-നകം പൂർത്തിയാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനവും വാർഡ് അടിസ്ഥാനത്തിൽ കൃത്യമായ കർമ്മപദ്ധതി തയ്യാറാക്കണം. ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവമാലിന്യങ്ങൾ പൊതുഇടങ്ങളിൽ കൂട്ടിയിടാതെ അന്നുതന്നെ മിനി എം.സി.എഫുകളിലേക്ക് മാറ്റണം. ഓടകൾ, നീർച്ചാലുകൾ, പൊതു ജലാശയങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനൊപ്പം കൊതുക്, എലി എന്നിവയുടെ പ്രജനന സ്രോതസ്സുകൾ നശിപ്പിക്കാനും നടപടി സ്വീകരിക്കണം. വെള്ളക്കെട്ട് ഉണ്ടാകാൻ സാധ്യതയുള്ള 'ഹോട്ട് സ്പോട്ടുകൾ' കണ്ടെത്തി പ്രത്യേക ശ്രദ്ധ നൽകണമെന്നും നിർദ്ദേശമുണ്ട്.
ഫണ്ട് വിനിയോഗം ഇങ്ങനെ:
വാർഡ് ശുചിത്വ സമിതികൾക്ക് പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാവുന്ന തുക പുതുക്കി നിശ്ചയിച്ചു:
പഞ്ചായത്തുകൾ: 30,000 രൂപ
നഗരസഭകൾ: 40,000 രൂപ
കോർപ്പറേഷനുകൾ: 60,000 രൂപ
കുടുംബശ്രീയുടെ നേതൃത്വത്തിൽ എല്ലാ അയൽക്കൂട്ട കുടുംബങ്ങളും വീടും പരിസരവും ശുചീകരിക്കണം. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനികൾ എന്നിവിടങ്ങളിൽ മാലിന്യ നിർമ്മാർജ്ജനത്തിന് തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് നേതൃത്വം നൽകണം.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഡോ. ശീതൾ ജി. മോഹൻ, നവകേരള മിഷൻ കോഡിനേറ്റർ എസ്. രഞ്ജിനി എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്ഥാപന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

