കോൺഗ്രസ് പറഞ്ഞാൽ എവിടെയും മത്സരിക്കാൻ തയ്യാർ രാഹുൽ മാങ്കൂട്ടത്തിൽ
പാർട്ടി ആവശ്യപ്പെട്ടാൽ എവിടെയും മത്സരിക്കാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട്ടെ വികസന നേട്ടങ്ങൾ വരുംദിവസങ്ങളിൽ വിശദീകരിക്കും.
കോൺഗ്രസ് പറഞ്ഞാൽ എവിടെയും മത്സരിക്കാൻ തയ്യാർ; പാലക്കാട്ടെ വികസനം വരുംദിവസങ്ങളിൽ വിശദീകരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തന്നെ നേരത്തെ മത്സരിപ്പിച്ചത് കോൺഗ്രസ് പാർട്ടിയാണെന്നും, പാർട്ടി ആവശ്യപ്പെട്ടാൽ ഇനിയും എവിടെ മത്സരിക്കാനും താൻ സന്നദ്ധനാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട്ടെ ജനങ്ങൾ നൽകിയ ചരിത്രപരമായ ഭൂരിപക്ഷത്തോടും അവരുടെ സ്നേഹത്തോടും വലിയ കടപ്പാടുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു.
മതേതര സ്വഭാവമുള്ള പാലക്കാട്ടെ വോട്ടർമാർക്ക് ആരെ വിജയിപ്പിക്കണമെന്ന് കൃത്യമായ ബോധ്യമുണ്ട്. വലിയ രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ടപ്പോഴെല്ലാം പാലക്കാട് അത് തെളിയിച്ചിട്ടുള്ളതാണ്. താൻ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നവരോട് സ്നേഹം മാത്രമാണുള്ളതെന്നും ഒരു പൊതുപ്രവർത്തകനായി രാഷ്ട്രീയത്തിൽ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലക്കാട് എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വരുംദിവസങ്ങളിൽ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കുമെന്നും രാഹുൽ അറിയിച്ചു. പി.കെ. ശശിയെ യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാൻ താൻ തയ്യാറല്ലെന്നും, നിലവിൽ പാർട്ടി നടപടി നേരിടുന്ന സാഹചര്യത്തിൽ മറ്റ് സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിനിറങ്ങാൻ തനിക്ക് പരിമിതികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

