ഡീൽ ആരോപണങ്ങൾക്ക് മോദി മറുപടി നൽകും തുറന്നടിച്ച് സുരേഷ് ഗോപി
കേരളത്തിലെ ബിജെപി സിപിഎം ഡീൽ ആരോപണങ്ങളിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോൾ ഇതിന് മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഡീലിന് പീലിന്റെ വില പോലും നൽകുന്നില്ല’; ആരോപണങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകുമെന്ന് സുരേഷ് ഗോപി
കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ രംഗത്ത് യുഡിഎഫും എൽഡിഎഫും ഉയർത്തുന്ന 'ബിജെപി-സിപിഎം ഡീൽ' ആരോപണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട്ട് എൻഡിഎ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീൽ ആരോപണങ്ങൾക്ക് വെറും പീലിന്റെ വില മാത്രമേ താൻ കൽപ്പിക്കുന്നുള്ളൂവെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രിയുമായി ചർച്ച നടത്തി
ഡീൽ ആരോപണങ്ങൾ മുൻനിർത്തി കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ ചർച്ചകളെക്കുറിച്ച് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. ജനങ്ങളുടെ നിശ്ചയത്തെ വഴിതെറ്റിക്കാൻ നടത്തുന്ന ഈ ഗൂഢാലോചനയെക്കുറിച്ച് പറഞ്ഞപ്പോൾ, കേരളത്തിൽ വരുമ്പോൾ ഇതിന് കൃത്യമായ മറുപടി നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകിയതായി സുരേഷ് ഗോപി വ്യക്തമാക്കി.
യഥാർത്ഥ ഡീൽ 'ഇൻഡി' സഖ്യം
"ഞങ്ങൾ മത്സരിക്കുന്നത് ജയിച്ചു വെല്ലാനാണ്, അല്ലാതെ ഡീലിനല്ല. ഏതെങ്കിലും ഡീലിന് തയ്യാറെടുക്കുന്നവർ അത് ഓൾറെഡി ചെയ്തു കഴിഞ്ഞു. 'ഇൻഡി' (INDIA) സഖ്യമെന്നത് ഒരു വലിയ ഡീലല്ലേ? ബംഗാളിലും കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സഖ്യമാണ് യഥാർത്ഥ ഡീൽ," അദ്ദേഹം പറഞ്ഞു.
അയ്യപ്പന്റെ സ്വർണ്ണം എവിടെ?
ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ടും സുരേഷ് ഗോപി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. "ഇടതു-വലതു മുന്നണികൾ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ അയ്യപ്പന്റെ സ്വർണ്ണം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിയമസഭയിൽ ശോഭാ സുരേന്ദ്രനെപ്പോലെയുള്ള ഒരു പ്രതിപക്ഷം ഉണ്ടായിരുന്നെങ്കിൽ, 'വെക്കടോ എന്റെ അയ്യന്റെ സ്വർണ്ണം' എന്ന് ചോദിക്കാൻ ഇവിടെ ആളുണ്ടാകുമായിരുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

