വിവാഹം വെറും ‘ആട്ടവും പാട്ടവും തീറ്റയും കുടിയും’ അല്ല പരമ്പരാഗത ആചാരങ്ങൾ നിർബന്ധമെന്ന് ഗുജറാത്ത് ഹൈക്കോടതി
ഹിന്ദു വിവാഹം സാധുവാകാൻ പരമ്പരാഗത ആചാരങ്ങൾ പാലിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. സപ്തപദി ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് സാംസ്കാരികവും ആത്മീയവുമായ മാനമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം ഹിന്ദു വിവാഹം സാധുവാകില്ല, ആചാരങ്ങൾ നിർബന്ധം: ഗുജറാത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഹിന്ദു നിയമപ്രകാരം നടക്കുന്ന വിവാഹങ്ങൾ കേവലം രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം നിയമപരമായി സാധുതയുള്ളതാവില്ലെന്നും, പരമ്പരാഗതമായ മതപരമായ ആചാരങ്ങൾ കൂടി പാലിക്കപ്പെട്ടിരിക്കണമെന്നും ഗുജറാത്ത് ഹൈക്കോടതി. വിവാഹമെന്നത് വെറും ‘ആട്ടവും പാട്ടവും’ ‘തീറ്റയും കുടിയും’ മാത്രമല്ലെന്നും, അതിനപ്പുറം വലിയ സാംസ്കാരിക-ആത്മീയ തലങ്ങൾ അതിനുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു. പരമ്പരാഗത ചടങ്ങുകൾ ഒരു വ്യക്തിയുടെ ആത്മീയ ശുദ്ധീകരണത്തിനും പരിവർത്തനത്തിനും സഹായകമാകുന്നതാണെന്നും കോടതിവിധിയിൽ വ്യക്തമാക്കുന്നു.
യുകെയിൽ താമസിക്കുന്ന കൗശൽ സോണാർ എന്ന യുവാവ് നൽകിയ ഹർജി പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് ഇലേഷ് വോറ, ജസ്റ്റിസ് ആർ.ടി. വച്ഹനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. രജിസ്റ്റർ ചെയ്ത വിവാഹത്തിന് നിയമസാധുതയുണ്ടെന്ന് കാണിച്ച് കുടുംബകോടതി പുറപ്പെടുവിച്ച വിധി ഹൈക്കോടതി റദ്ദാക്കി.
നാട്ടിൽ വെച്ച് തന്റെ മാതാപിതാക്കൾ രജിസ്റ്റർ ചെയ്ത വിവാഹം തന്റെ താല്പര്യപ്രകാരമല്ല നടന്നതെന്നായിരുന്നു കൗശലിന്റെ പരാതി. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളൊന്നും തന്നെ നടന്നിട്ടില്ലാത്തതിനാൽ ഈ വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് കുടുംബകോടതിയെ സമീപിച്ചത്. എന്നാൽ രജിസ്റ്റർ ചെയ്ത വിവാഹം സാധുവാണെന്ന് ചൂണ്ടിക്കാട്ടി കുടുംബകോടതി ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.
ഹിന്ദു വിവാഹ നിയമപ്രകാരം അഗ്നിക്കു മുന്നിൽ വധൂവരന്മാർ ഏഴു ചുവടുകൾ വെയ്ക്കുന്ന 'സപ്തപദി' ചടങ്ങാണ് വിവാഹത്തിന്റെ അടിസ്ഥാനമെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. സപ്തപദി ചടങ്ങോടെയാണ് ഒരു ഹിന്ദു വിവാഹത്തിന് ആത്മീയവും സാംസ്കാരികവുമായ മാനം കൈവരുന്നത്. ആവശ്യമായ ആചാരങ്ങൾ അനുഷ്ഠിക്കാതെ നടത്തുന്ന വിവാഹങ്ങൾ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 7 പ്രകാരം സാധുവല്ലെന്നും കോടതി നിരീക്ഷിച്ചു. നിയമവൃത്തങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചകൾക്കാണ് ഈ വിധി ഇപ്പോൾ വഴിവെച്ചിരിക്കുന്നത്.