ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു ഉറവിട നശീകരണം ഊർജിതമാക്കാൻ ഡി.എം.ഒയുടെ നിർദ്ദേശം
ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ്. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കണമെന്നും സ്വയംചികിത്സ ഒഴിവാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം അറിയിച്ചു.
ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം അറിയിച്ചു. വേനൽ മഴയ്ക്കിടെ കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യം ഒഴിവാക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ
വീട്ടിനകത്തും പരിസരത്തും കെട്ടിക്കിടക്കുന്ന ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ സാധ്യതയുണ്ട്. താഴെ പറയുന്നവ പ്രത്യേകം പരിശോധിക്കണം:
ഫ്രിഡ്ജിന് പിന്നിലെ ട്രേ, മണി പ്ലാന്റുകൾ വളർത്തുന്ന പാത്രങ്ങൾ.
ഉപേക്ഷിക്കപ്പെട്ട ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ.
വീടിന്റെ ടെറസ്, സൺഷേഡ്, പാത്തികൾ (Gutters).
റബ്ബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുക് പാളകൾ.
പ്രതിരോധ മാർഗങ്ങൾ
പാത്രങ്ങളിൽ വെള്ളം സംഭരിച്ചു വെക്കുന്നവർ അത് നിർബന്ധമായും അടച്ചു സൂക്ഷിക്കുക.
പക്ഷികൾക്കും മറ്റും കുടിക്കാൻ വെക്കുന്ന വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റുക.
ആഴ്ചയിലൊരിക്കൽ വീടുകളിൽ 'ഡ്രൈ കണ്ടെയ്‌നർ എലിമിനേഷൻ' നടത്തി ഉറവിട നശീകരണം ഉറപ്പാക്കുക.
ലക്ഷണങ്ങൾ തിരിച്ചറിയാം
പനിയോടൊപ്പം കഠിനമായ തലവേദന, കണ്ണിന് പിറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്ന പാടുകൾ, തുടർച്ചയായ ഛർദ്ദി, വയറുവേദന, രക്തസ്രാവം തുടങ്ങിയവ ഗൗരവമായി കാണണം.
രോഗലക്ഷണങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും സ്വയംചികിത്സ നടത്തരുത്. ഒരിക്കൽ ഡെങ്കിപ്പനി വന്നവർക്ക് വീണ്ടും ബാധിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുമെന്നും രോഗബാധിതർ പകൽ സമയത്തും കൊതുക് വലയ്ക്കുള്ളിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണമെന്നും ഡി.എം.ഒ ഓർമ്മിപ്പിച്ചു.

