ബസ് യാത്ര തടസ്സപ്പെട്ടു ഉദ്യോഗാർത്ഥിക്ക് 47,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി
ബാംഗ്ലൂരിലേക്കുള്ള യാത്രയ്ക്കിടെ ബസ് കേടായതും നികുതി കുടിശ്ശിക കാരണം തടഞ്ഞതും മൂലം പരീക്ഷ എഴുതാൻ ബുദ്ധിമുട്ടിയ ദമ്പതികൾക്ക് അനുകൂലമായി ഉപഭോക്തൃ കോടതി വിധി.
കൊച്ചി: ബസ് യാത്രയ്ക്കിടെയുണ്ടായ തുടർച്ചയായ യന്ത്രത്തകരാറുകളും അധികൃതരുടെ അനാസ്ഥയും മൂലം ഉദ്യോഗാർത്ഥിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിൽ ട്രാവൽസ് ഉടമ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. കാക്കനാട് സ്വദേശികളായ അനിൽ ബേബി, ഭാര്യ സ്നേഹ റോസ് കുര്യൻ എന്നിവർ നൽകിയ പരാതിയിൽ ബംഗളൂരു ആസ്ഥാനമായ ശ്രീ വിനായക ട്രാവൽസിനെതിരെയാണ് വിധി.
സംഭവത്തിന്റെ ചുരുക്കം:
2023 മെയ് 20-ന് ബംഗളൂരുവിൽ നടന്ന പരീക്ഷയിൽ പങ്കെടുക്കാനാണ് പരാതിക്കാർ ടിക്കറ്റ് ബുക്ക് ചെയ്തത്. എന്നാൽ യാത്രയ്ക്കിടെ പാലക്കാട് വെച്ച് ബസിന്റെ ടയർ പഞ്ചറാവുകയും, പിന്നാലെ വാളയാർ ചെക്ക് പോസ്റ്റിൽ റോഡ് നികുതി കുടിശ്ശികയുടെ പേരിൽ ബസ് തടയുകയും ചെയ്തു. തുടർന്നുണ്ടായ യന്ത്രത്തകരാറുകൾ കൂടി വന്നതോടെ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടു. കൃത്യസമയത്ത് പരീക്ഷാ ഹാളിലെത്താൻ ദമ്പതികൾക്ക് കോയമ്പത്തൂരിൽ നിന്ന് 14,000 രൂപ നൽകി ടാക്സി വിളിക്കേണ്ടി വന്നു.
കോടതിയുടെ നിരീക്ഷണം:
യാത്രക്കാർക്ക് സുരക്ഷിതവും പ്രവർത്തനക്ഷമവുമായ വാഹനം ഉറപ്പാക്കേണ്ടത് സേവനദാതാവിന്റെ പ്രാഥമിക കടമയാണെന്ന് ഡി.ബി. ബിനു അധ്യക്ഷനായ കമ്മീഷൻ നിരീക്ഷിച്ചു. ടയർ മാറ്റാനുള്ള ഉപകരണങ്ങൾ പോലും കരുതാതെ സർവീസ് നടത്തിയത് സേവനത്തിലെ വീഴ്ചയാണെന്നും, നികുതി അടയ്ക്കാതെ വാഹനം നിരത്തിലിറക്കിയത് നിയമപരമായ അനാസ്ഥയാണെന്നും വി. രാമചന്ദ്രൻ, ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വിലയിരുത്തി.
നഷ്ടപരിഹാരം:
ടിക്കറ്റ് തുകയായ 3,174 രൂപയും ടാക്സി വാടകയായ 14,000 രൂപയും ഉൾപ്പെടെ 17,174 രൂപ ട്രാവൽസ് ഉടമ തിരികെ നൽകണം. കൂടാതെ, ദമ്പതികൾക്കുണ്ടായ മാനസിക വിഷമത്തിനും കോടതി ചെലവിനുമായി 30,000 രൂപ കൂടി ചേർത്ത് ആകെ 47,174 രൂപ 45 ദിവസത്തിനകം നൽകാനാണ് ഉത്തരവ്. പരാതിക്കാർക്കായി അഡ്വ. ടോം ജോസഫ് ഹാജരായി.

