​കോതമംഗലത്ത് 104 കുടുംബങ്ങൾക്ക് കൂടി പട്ടയം ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളമെന്ന് മന്ത്രി

കേരളത്തിൽ പത്ത് വർഷത്തിനിടെ 4,56,689 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായെന്ന് റവന്യു മന്ത്രി കെ. രാജൻ. കുട്ടമ്പുഴയിലെ പട്ടയ വിതരണോദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കോതമംഗലത്ത് 104 കുടുംബങ്ങൾക്ക് കൂടി പട്ടയം ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളമെന്ന് മന്ത്രി
​കോതമംഗലത്ത് 104 കുടുംബങ്ങൾക്ക് കൂടി പട്ടയം; ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളമെന്ന് മന്ത്രി

കുട്ടമ്പുഴ: കേരളത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 4,56,689 കുടുംബങ്ങൾ ഭൂമിയുടെ അവകാശികളായി മാറിയെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. കുട്ടമ്പുഴ ടൗൺ ഹാളിൽ സംഘടിപ്പിച്ച കോതമംഗലം താലൂക്കിലെ പട്ടയ വിതരണ ചടങ്ങ് ഓൺലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ഭൂരഹിതരായ എല്ലാവരെയും ഭൂമിയുടെ അവകാശികളാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. പട്ടയ മിഷൻ വഴി വർഷങ്ങളായുള്ള നിയമതടസ്സങ്ങൾ നീക്കി അർഹരായവർക്ക് പട്ടയം നൽകാൻ കഴിഞ്ഞു. കോതമംഗലത്തെ സങ്കീർണ്ണമായ ഭൂമി പ്രശ്നങ്ങൾ പരിഗണിച്ചാണ് താലൂക്കിൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസും 17 ഉദ്യോഗസ്ഥരെയും നിയോഗിച്ചത്. ചട്ടങ്ങൾ സാധാരണക്കാരന് ഭൂമി ലഭിക്കുന്നതിന് തടസ്സമാകരുത് എന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​104 കുടുംബങ്ങൾക്ക് കൂടി സ്വപ്നസാഫല്യം

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ കോതമംഗലം താലൂക്കിലെ 104 കുടുംബങ്ങൾക്ക് കൂടി പട്ടയം വിതരണം ചെയ്തു. വനം വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിച്ച് കുട്ടമ്പുഴ വില്ലേജിലെ കല്ലേലിമേട്, മണികണ്ഠൻചാൽ പ്രദേശത്തെ 69 കുടിയേറ്റ കർഷക കുടുംബങ്ങൾക്കും, താലൂക്ക് ഓഫീസിൽ തയ്യാറാക്കിയ 35 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.

​ആന്റണി ജോൺ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പട്ടയങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക, കോതമംഗലം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു തുടങ്ങിയവർ പങ്കെടുത്തു. വിവിധ തദ്ദേശ സ്വയംഭരണ പ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും റവന്യു ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.