ജില്ലാ വികസന സമിതി യോഗം
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം ജില്ലാ വികസന സമിതി യോഗത്തിൽ കർശന നിർദ്ദേശം
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം; ജില്ലാ വികസന സമിതി യോഗത്തിൽ കർശന നിർദ്ദേശം
കൊച്ചി: സാമ്പത്തിക വർഷം അവസാനിക്കാൻ മൂന്നുമാസം മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ വികസന പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗം നിർദ്ദേശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ സാധ്യതയുള്ളതിനാൽ അടുത്ത രണ്ട് മാസം മാത്രമേ പദ്ധതി നിർവഹണത്തിനായി ലഭിക്കൂ. അതിനാൽ എല്ലാ വകുപ്പുകളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിക്കാനുള്ള പദ്ധതികളിൽ എത്രയും വേഗം നടപടികൾ പൂർത്തിയാക്കണം. കുന്നത്തുനാട് മണ്ഡലത്തിലെ പദ്ധതികളുടെ പുരോഗതി പി.വി. ശ്രീനിജിൻ എം.എൽ.എ ആരാഞ്ഞു. മുടിക്കൽ സ്കൂൾ കെട്ടിടത്തിന്റെ സാങ്കേതിക അനുമതി വേഗത്തിലാക്കണമെന്നും ഐക്കരനാട് ടാർ മിക്സിംഗ് പ്ലാന്റിന്റെ ലൈസൻസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമ്മനം - പുല്ലേപ്പടി റോഡ് ഭൂമി ഏറ്റെടുക്കലിനായി പ്രത്യേക സർവേയറെ നിയമിക്കണമെന്ന് ടി.ജെ. വിനോദ് എം.എൽ.എ ആവശ്യപ്പെട്ടു. ഇടപ്പള്ളിയിൽ റെയിൽവേ ഏറ്റെടുത്ത സ്ഥലങ്ങളിലെ ലേലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ അടുത്തയാഴ്ച പ്രത്യേക യോഗം വിളിക്കുമെന്ന് കളക്ടർ അറിയിച്ചു. മുല്ലശ്ശേരി കനാലിന്റെയും എം.ജി റോഡിലെ ഡ്രെയിനേജിന്റെയും നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, പ്ലാനിങ് ഓഫീസർ ജി. ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.

