കേരളത്തിൽ ഷിഗെല്ല ഭീതി 6 പേർക്ക് കൂടി രോഗബാധ; ജൂണിൽ മാത്രം 6 മരണം, നാല് ജില്ലകളിൽ ഔട്ട്‌ബ്രേക്ക്
കേരളത്തിൽ ഷിഗെല്ല രോഗബാധ വർധിക്കുന്നു. കോഴിക്കോട്ടും മലപ്പുറത്തുമായി 6 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ജൂൺ മാസം മാത്രം സംസ്ഥാനത്ത് 197 പേർക്ക് രോഗം ബാധിക്കുകയും 6 പേർ മരണപ്പെടുകയും ചെയ്തു. 4 ജില്ലകളിൽ നിലവിൽ ഔട്ട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളത്തിൽ ഷിഗെല്ല ഭീതി: 6 പേർക്ക് കൂടി രോഗബാധ; ജൂണിൽ മാത്രം 6 മരണം, നാല് ജില്ലകളിൽ ഔട്ട്‌ബ്രേക്ക്
കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ ആശങ്കയുയർത്തി പടരുന്നു. പുതുതായി ആറ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ നാല് പേർക്കും മലപ്പുറം ജില്ലയിൽ രണ്ട് പേർക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇതോടെ ഈ വർഷം ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം 273 ആയി ഉയർന്നു.
ജൂൺ മാസത്തിൽ മാത്രം സംസ്ഥാനത്ത് 197 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഈ മാസത്തെ മാത്രം മരണസംഖ്യ ആറിലെത്തി. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് നിലവിൽ നാല് ജില്ലകളിൽ ആരോഗ്യവകുപ്പ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഔട്ബ്രേക്ക് പ്രഖ്യാപിച്ച ജില്ലകൾ:
കോഴിക്കോട്: 69 കേസുകൾ
വയനാട്: 26 കേസുകൾ
തൃശൂർ: 13 കേസുകൾ
ആലപ്പുഴ: 5 കേസുകൾ
ഇതിനുപുറമേ ജൂൺ മാസത്തിൽ മലപ്പുറം (32), തിരുവനന്തപുരം (18), കൊല്ലം (13), കണ്ണൂർ (11), എറണാകുളം (4), പാലക്കാട് (3), ഇടുക്കി (3) എന്നീ ജില്ലകളിലും ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടണമെന്നും ശുചിത്വപാലനത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.