ഇതൊരു ആഘോഷമല്ല മുന്നറിയിപ്പാണ്
യാഷ് വീണ്ടുമെത്തുന്നു ടോക്സിക് ടീസർ പുറത്ത്
'ഇതൊരു ആഘോഷമല്ല, മുന്നറിയിപ്പാണ്'; റായയായി യാഷ് വീണ്ടുമെത്തുന്നു: 'ടോക്സിക്' ടീസർ പുറത്ത്
ബെംഗളൂരു: കെ.ജി.എഫ് എന്ന ആഗോള ഹിറ്റിന് ശേഷം നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റോക്കി ഭായ് വീണ്ടും വരുന്നു. കന്നഡ സൂപ്പർ താരം യാഷിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആരാധകർ ആവേശത്തോടെ കാത്തിരുന്ന 'ടോക്സിക്' (Toxic) എന്ന ചിത്രത്തിന്റെ പുത്തൻ ടീസർ പുറത്തിറങ്ങി. യാഷ് അവതരിപ്പിക്കുന്ന 'റായ' എന്ന കരുത്തുറ്റ കഥാപാത്രത്തിന്റെ വരവ് അറിയിക്കുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
'ഡാഡീസ് ഹോം' എന്ന ടാഗ്‌ലൈനോടെയെത്തിയ ടീസർ, വയലൻസും മാസ്സും നിറഞ്ഞ ഒരു സിനിമാറ്റിക് വിരുന്നാണ് വാഗ്ദാനം ചെയ്യുന്നത്. ശ്മശാനത്തിന്റെ നിശബ്ദതയിൽ തുടങ്ങി തോക്കുകളുടെ ഗർജ്ജനത്തിലൂടെ റായയുടെ മാസ് എൻട്രിയാണ് ടീസറിലുള്ളത്. ടോമി ഗണ്ണുമായി പുകമറയ്ക്കുള്ളിൽ നിന്ന് വരുന്ന യാഷിന്റെ രൂപം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
നേരത്തെ പുറത്തുവിട്ട അപ്ഡേറ്റുകളിൽ ചിത്രത്തിലെ വനിതാ താരങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ പരിചയപ്പെടുത്തിക്കൊണ്ട് സിനിമയുടെ ആഖ്യാനശൈലിയിലെ പുതുമ നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിൽ നടൻ എന്നതിലുപരി സഹ-തിരക്കഥാകൃത്ത്, സഹ-നിർമ്മാതാവ് എന്നീ നിലകളിലും യാഷ് സജീവമാണ്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രീകരിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്ത് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. ദേശീയ പുരസ്കാര ജേതാക്കളായ രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം) തുടങ്ങിയവർ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുമ്പോൾ, 'ജോൺ വിക്ക്' ഫെയിം ജെ.ജെ. പെറിയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2026 മാർച്ച് 19-ന് തിയേറ്ററുകളിൽ എത്തും.

