ഊർജ്ജ സംഭരണ രംഗത്ത് വിപ്ലവം
ഊർജ്ജ സംഭരണ രംഗത്ത് വിപ്ലവം മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്
ഊർജ്ജ സംഭരണ രംഗത്ത് വിപ്ലവം: മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്
കൊച്ചി: ഭാവിയിലെ ഊർജ്ജ സംഭരണ സംവിധാനങ്ങളിൽ (Energy Storage) വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന ഗവേഷണത്തിന് മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ്. സൂപ്പർകപ്പാസിറ്ററുകളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്ന നൂതനമായ 'ഇലക്ട്രോഡ് മെറ്റീരിയൽ' വികസിപ്പിച്ചെടുത്തതിനാണ് ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായിരുന്ന ഡോ. ക്രിസ്മ റോസ് ബാബുവിനും പ്രൊഫ. അനില ഇ.ഐയ്ക്കും കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്.
എന്താണ് ഈ കണ്ടുപിടുത്തം?
ബാറ്ററികളേക്കാൾ വേഗത്തിൽ ചാർജ് ചെയ്യാനും കൂടുതൽ കാലം ഈടുനിൽക്കാനും സഹായിക്കുന്നവയാണ് സൂപ്പർകപ്പാസിറ്ററുകൾ. കാർബണിന്റെ അപരരൂപമായ ഗ്രാഫൈറ്റിൽ നിന്നുമുണ്ടാകുന്ന റെഡ്യൂസ്ഡ് ഗ്രാഫീൻ ഓക്സൈഡും (rGO), കോപ്പർ ഡോപ്പ് ചെയ്ത കൊബാൾട്ട് ഓക്സൈഡ് നാനോകണങ്ങളും സംയോജിപ്പിച്ചാണ് ഇവർ പുതിയൊരു 'ഹൈബ്രിഡ് നാനോകോമ്പോസിറ്റ്' ഇലക്ട്രോഡ് നിർമ്മിച്ചത്. 200 ഡിഗ്രി സെൽഷ്യസ് എന്ന ഉയർന്ന താപനിലയിൽ നിക്കൽ ഫോം (Nickel Foam) എന്ന കറന്റ് കളക്ടറിലാണ് ഈ ഇലക്ട്രോഡ് വികസിപ്പിച്ചത്.
നേട്ടങ്ങൾ:
ഇലക്ട്രിക് വാഹനങ്ങൾക്ക് അതിവേഗ ചാർജിംഗ് സാധ്യമാക്കും.
പുനരുപയോഗ ഊർജ്ജ സംവിധാനങ്ങളിലും ബാക്കപ്പ് പവർ പ്ലാന്റുകളിലും കാര്യക്ഷമമായ ഊർജ്ജ സംഭരണം.
സാധാരണ ബാറ്ററികളേക്കാൾ കൂടുതൽ കാലം ഈടുനിൽക്കും.
ചേർത്തല തൈക്കാട്ടുശേരി സ്വദേശിനിയായ ഡോ. ക്രിസ്മ റോസ് ബാബു നിലവിൽ കുസാറ്റിൽ (CUSAT) പോസ്റ്റ് ഡോക്ടറൽ റിസർച്ചറാണ്. ആലുവ യു.സി കോളേജ് മുൻ അധ്യാപികയായ പ്രൊഫ. അനില ഇ.ഐ ഇപ്പോൾ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് പ്രൊഫസറാണ്. 20 വർഷത്തേക്കാണ് ഈ പേറ്റന്റിന് സാധുതയുള്ളത്

