ബോംബ് സ്ഫോടനം

മൈഡുഗുരിയിൽ പള്ളിയിൽ സ്ഫോടനം ഏഴ് മരണം നിരവധി പേർക്ക് പരിക്ക് ​

ബോംബ് സ്ഫോടനം
ബോംബ് സ്ഫോടനം

മൈഡുഗുരിയിൽ പള്ളിയിൽ സ്ഫോടനം: ഏഴ് മരണം; നിരവധി പേർക്ക് പരിക്ക്

​മൈഡുഗുരി: വടക്കുകിഴക്കൻ നൈജീരിയയിലെ മൈഡുഗുരിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ഗാംബോറു മാർക്കറ്റിന് സമീപമുള്ള മുസ്ലീം പള്ളിയിൽ ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു ആക്രമണം.

​പള്ളിക്കുള്ളിൽ വെച്ചിരുന്ന ബോംബ് പ്രാർത്ഥനയ്ക്കിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇതൊരു ചാവേറാക്രമണമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റ നിരവധി പേരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. സംഭവസ്ഥലത്ത് എത്തിയ പോലീസ് പ്രദേശം വളയുകയും വിശദമായ പരിശോധനകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

​ബോർണോ സ്റ്റേറ്റിന്റെ തലസ്ഥാനമായ മൈഡുഗുരി ദീർഘകാലമായി കലാപബാധിത പ്രദേശമാണ്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നഗരത്തിൽ വലിയ ആക്രമണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. 2021-ലാണ് ഇതിനുമുമ്പ് ഇവിടെ സമാനമായ ആക്രമണം നടന്നത്. 2009-ൽ ആരംഭിച്ച ആഭ്യന്തര കലാപങ്ങളിൽ ഇതുവരെ ഏകദേശം 40,000-ത്തോളം പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 20 ലക്ഷത്തോളം പേർക്ക് ഈ കലാപം കാരണം വീടുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.

​നൈജീരിയയുടെ അയൽരാജ്യങ്ങളായ നൈജർ, ചാഡ്, കാമറൂൺ എന്നിവിടങ്ങളിലേക്കും ഈ കലാപം പടർന്നിരുന്നു. അടുത്ത കാലത്തായി മൈഡുഗുരിയിൽ സമാധാനം നിലനിൽക്കുന്നുണ്ടെങ്കിലും സൈന്യം പൂർണ്ണമായി പിൻവാങ്ങിയിട്ടില്ല. സൈനിക വാഹനങ്ങളുടെ പട്രോളിംഗ് നഗരത്തിൽ ഇപ്പോഴും സജീവമാണ്.