മണിയൂർ തെരു ക്ഷേത്ര പരിസരത്ത് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയ്ക്ക് നേരെ കയ്യേറ്റശ്രമം
കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ മണിയൂർ തെരു ഗണപതി ക്ഷേത്ര പരിസരത്ത് കയ്യേറ്റശ്രമം. സംഭവത്തിൽ ദിനേശൻ എന്നയാൾക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.
മണിയൂർ തെരു ക്ഷേത്ര പരിസരത്ത് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എയ്ക്ക് നേരെ കയ്യേറ്റശ്രമം; ഒരാൾക്കെതിരെ കേസ്
മണിയൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി എം.എ.ൽഎയും എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം. മണിയൂർ തെരു ഗണപതി ക്ഷേത്ര പരിസരത്ത് വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു സംഭവം. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രാങ്കണത്തിൽ വോട്ടർമാരെ കണ്ട് മടങ്ങുന്നതിനിടെ കവാടത്തിന് സമീപം വെച്ച് ദിനേശൻ എന്നയാൾ അസഭ്യം പറയുകയും തള്ളിമാറ്റി വീഴ്ത്താൻ ശ്രമിക്കുകയും ചെയ്തതായാണ് എം.എൽ.എയുടെ പരാതിയിൽ പറയുന്നത്. മനഃപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണ് നടന്നതെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി ആരോപിച്ചു.
രാത്രി 8.15-ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ 192 (സാമൂഹിക സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ), 296 ബി (പൊതുസ്ഥലത്ത് അസഭ്യം പറയൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പയ്യോളി പോലീസ് കേസെടുത്തത്. ഉത്സവകാലങ്ങളിൽ പതിവായി സന്ദർശിക്കാറുള്ള ക്ഷേത്രമാണിതെന്നും സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ നീക്കമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കാലയളവിൽ സമാധാനം നിലനിർത്താൻ എൽ.ഡി.എഫ് പ്രവർത്തകർ സംയമനം പാലിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

