എതിർശബ്ദം അടിച്ചമർത്തുന്നത് ഫാസിസം ഇടതും വലതും ഒന്നിക്കണമെന്ന് പ്രേംകുമാർ
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി നിലകൊള്ളണമെന്നും വർഗീയതയ്ക്കെതിരെ കോൺഗ്രസും ഇടതും ഒന്നിക്കണമെന്നും കോട്ടയത്ത് നടന്ന ചടങ്ങിൽ നടൻ പ്രേംകുമാർ പറഞ്ഞു
അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണം; വിഘടിച്ചു നിൽക്കാതെ ഇടതും വലതും ഒന്നിക്കണമെന്ന് പ്രേംകുമാർ
കോട്ടയം: ആവിഷ്കാര സ്വാതന്ത്ര്യം ഒരു ചട്ടക്കൂടിലും ഒതുങ്ങാൻ പാടില്ലെന്നും എതിർശബ്ദങ്ങളെ നിശബ്ദമാക്കുന്നത് ഫാസിസമാണെന്നും നടൻ പ്രേംകുമാർ. കോട്ടയത്ത് കെ.പി.സി.സി സംസ്കാര സാഹിതി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മുമായുള്ള അകൽച്ചയ്ക്ക് ശേഷം കോൺഗ്രസ് വേദിയിൽ പ്രേംകുമാർ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.
മനുഷ്യ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റങ്ങളെല്ലാം ഫാസിസത്തിന്റെ ലക്ഷണമാണെന്ന് അദ്ദേഹം പറഞ്ഞു. "ഒന്നിച്ചു നിൽക്കുന്ന മനുഷ്യസമൂഹത്തെ ഭിന്നിപ്പിക്കാനാണ് ചില ശക്തികൾ ശ്രമിക്കുന്നത്. ജനാധിപത്യം ഇന്ന് അപകടകരമായ അവസ്ഥയിലാണ്. രാഷ്ട്രീയ ഭൂരിപക്ഷം വർഗീയ ഭൂരിപക്ഷമായി മാറുന്നതാണ് ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളിയെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. അത്തരമൊരു വർഗീയ ഭൂരിപക്ഷം രൂപപ്പെട്ടു കഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ പ്രയാസമാണ്," പ്രേംകുമാർ ചൂണ്ടിക്കാട്ടി.
വർഗീയ വികാരങ്ങൾ ഇടയ്ക്ക് ഒന്ന് ആളിക്കത്തിച്ചാൽ മതി, അത് ദീർഘകാലം നിലനിൽക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വർഗീയതയ്ക്കെതിരെ പോരാടാൻ കോൺഗ്രസും ഇടതുപക്ഷവും ഒന്നിച്ചു നിൽക്കണം. എന്തിനാണ് ഇരുവിഭാഗവും വിഘടിച്ചു നിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രേംകുമാർ ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് പരിപാടിയിൽ സജീവമാകാൻ അദ്ദേഹം തീരുമാനിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രേംകുമാർ കോൺഗ്രസുമായി സഹകരിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്തെ ചില മണ്ഡലങ്ങളിൽ അദ്ദേഹത്തിന്റെ പേര് ചർച്ചകളിൽ വരുന്നുണ്ടെങ്കിലും സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സുപ്രധാന പദവികൾ പ്രേംകുമാറിന് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

