കാപ്പ കേസ് പ്രതിയുടെ ജയിലിലെ സത്യപ്രതിജ്ഞ നഗരവാസികൾക്ക് അപമാനം എസ്.പി ദീപക്
കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് നഗരവാസികളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക്.
കാപ്പ കേസ് പ്രതിയുടെ ജയിലിലെ സത്യപ്രതിജ്ഞ നഗരവാസികൾക്ക് അപമാനം: എസ്.പി ദീപക്
തിരുവനന്തപുരം: കാപ്പ (KAAPA) കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ജയിലിനുള്ളിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നത് തിരുവനന്തപുരം നഗരവാസികൾക്ക് ആകെ അപമാനമാണെന്ന് കോർപറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് പ്രസ്താവനയിൽ പറഞ്ഞു. കേരള ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻകാലങ്ങളിൽ രാഷ്ട്രീയ കേസുകളിൽപ്പെട്ട് ജയിലിൽ കഴിഞ്ഞവർ അവിടെയിരുന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന്, നാട്ടിൽ നിർത്താൻ കൊള്ളാത്ത വ്യക്തിയെന്ന് കണ്ട് മറ്റൊരു ജില്ലയിലെ ജയിലിൽ അടയ്ക്കപ്പെട്ടയാളാണ് ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. ജയിലിലെ ഈ സത്യപ്രതിജ്ഞയിലൂടെ വാഴോട്ടുകോണം വാർഡിലെ ജനങ്ങളെ മാത്രമല്ല, തലസ്ഥാന നഗരവാസികളെയാകെ ബിജെപി നേതൃത്വവും കോർപറേഷൻ മേയറും ചേർന്ന് പരിഹസിക്കുകയാണെന്ന് ദീപക് ആരോപിച്ചു.
ക്രിമിനൽ കേസ് പ്രതിയെ കൗൺസിൽ അംഗമാക്കാൻ കാണിക്കുന്ന അമിതാവേശം നഗരത്തിലെ ജനകീയ പ്രശ്നങ്ങളിൽ മേയർക്ക് ഇല്ലെന്നും എൽഡിഎഫ് നേതാവ് കുറ്റപ്പെടുത്തി. മഴക്കാല പൂർവ ശുചീകരണം, മാലിന്യനീക്കം, പകർച്ചവ്യാധി നിയന്ത്രണം, നഗരത്തിലെ കടുത്ത ശുദ്ധജലക്ഷാമം പരിഹരിക്കൽ തുടങ്ങിയ അടിയന്തര കാര്യങ്ങളിൽ കാണിക്കാത്ത താല്പര്യമാണ് ബിജെപി നേതൃത്വം കാപ്പ കേസ് പ്രതിക്കായി കാട്ടുന്നതെന്നും എസ്.പി. ദീപക് കൂട്ടിച്ചേർത്തു.