അച്ചാമാസ് ഫെയിം രത്നമ്മ അന്തരിച്ചു വിടവാങ്ങിയത് സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട അച്ചമ്മ
സമൂഹമാധ്യമങ്ങളിലെ വൈറൽ ദമ്പതിമാരായ അച്ചാമാസി ലെ രത്നമ്മ (69) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. വാർദ്ധക്യ സഹജമായ വിരസതകളെ പ്രായത്തെ വെല്ലുന്ന ഊർജ്ജത്തോടെ നേരിട്ട രത്നമ്മയുടെയും ഭർത്താവ് തുളസീധരന്റെയും വിഡിയോകൾക്ക് സൈബർ ലോകത്ത് വലിയ ആരാധകവൃന്ദമാണുള്ളത്.
അച്ചാമാസ്' ഫെയിം രത്നമ്മ അന്തരിച്ചു; വിടവാങ്ങിയത് സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട അച്ചമ്മ
പുനലൂർ: സമൂഹമാധ്യമങ്ങളിലെ വൈറൽ ജോഡികളായ 'അച്ചാമാസി'ലെ രത്നമ്മ (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പുനലൂർ കലയനാട് രാജീവ് ഭവനിൽ തുളസീധരന്റെ ഭാര്യയാണ്. സ്നേഹത്തിന്റെയും നിറഞ്ഞ പുഞ്ചിരിയുടെയും പര്യായമായിരുന്ന ഈ ദമ്പതികളുടെ വിഡിയോകൾ പ്രായഭേദമന്യേ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തിരുന്നത്.
വാർദ്ധക്യത്തിന്റെ വിരസതകളെ പാട്ടും കളിയും പുതിയ ട്രെൻഡുകൾക്കൊപ്പമുള്ള മേക്കോവറുകളുമായി ആഘോഷമാക്കി മാറ്റിയ രത്നമ്മയും ഭർത്താവ് തുളസീധരനും സൈബർ ലോകത്ത് വലിയൊരു ആരാധകവൃന്ദത്തെയാണ് സ്വന്തമാക്കിയത്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി എട്ട് ലക്ഷത്തിനടുത്ത് ഫോളോവേഴ്സാണ് ഇവർക്കുള്ളത്. ഈ ദമ്പതികളുടെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ക്യാമറയിൽ പകർത്തി ലോകത്തിന് മുന്നിലെത്തിച്ചത് ഇവരുടെ പേരക്കുട്ടികളായ അമൽ രാജും അഖിൽ രാജുമായിരുന്നു. ഇവരാണ് 'അച്ചാമാസ്' എന്ന പ്രൊഫൈൽ കൈകാര്യം ചെയ്തിരുന്നത്.
ആരോഗ്യപരമായ കാരണങ്ങളാൽ കുറച്ചുനാളുകളായി ഇവർ റീലുകളിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഈ വർഷം മാർച്ചിലാണ് ഇവർ അവസാനമായി വിഡിയോ പങ്കുവെച്ചത്. തുളസീധരന് സ്ട്രോക്ക് സംഭവിച്ചതും, ഒരു വർഷം മുൻപ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയയായ രത്നമ്മയുടെ ആരോഗ്യസ്ഥിതി മോശമായതുമാണ് വിഡിയോകളിൽ നിന്ന് മാറിനിൽക്കാൻ കാരണമായതെന്ന് കൊച്ചുമകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പ്രായത്തെ വെല്ലുന്ന ഊർജ്ജത്തോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന രത്നമ്മയുടെ അപ്രതീക്ഷിത വിയോഗം ഡിജിറ്റൽ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

