നടൻ സന്തോഷ് കെ. നായർ വാഹനപകടത്തിൽ അന്തരിച്ചു
എം.സി. റോഡിൽ പുതുശ്ശേരിയിലുണ്ടായ കാറും ട്രക്കും തമ്മിലുള്ള കൂട്ടിയിടിയിൽ സിനിമാ നടൻ സന്തോഷ് കെ. നായർ അന്തരിച്ചു. ഭാര്യയ്ക്ക് ഗുരുതര പരിക്ക്.
വാഹനപകടത്തിൽ സിനിമാ നടൻ സന്തോഷ് കെ. നായർ അന്തരിച്ചു; ഭാര്യയ്ക്ക് ഗുരുതര പരിക്ക്
അടൂർ: വാഹനപകടത്തിൽ പ്രശസ്ത സിനിമാ താരം സന്തോഷ് കെ. നായർ (സന്തോഷ് നായർ) അന്തരിച്ചു. അടൂർ ഏനാത്ത് എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ചൊവ്വാഴ്ച രാവിലെ 6.15-ഓടെയായിരുന്നു അപകടം. സന്തോഷ് നായരും ഭാര്യ രാജലക്ഷ്മിയും സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഇവർ. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്തോഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണമെന്ന് റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ പരിക്കേറ്റ ഭാര്യ രാജലക്ഷ്മിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവർക്കൊപ്പം ട്രക്ക് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
1982-ൽ പുറത്തിറങ്ങിയ ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് കെ. നായർ ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. വില്ലൻ, നായകൻ, സഹനടൻ, ഹാസ്യതാരം തുടങ്ങി വൈവിധ്യമാർന്ന വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. 'മോഹിനിയാട്ടം' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

