ഹരിപ്പാട് മിനി സ്പോർട്സ് അക്കാദമി പരിശോധിക്കും സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ ഫുട്ബോൾ പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്തു. ഹരിപ്പാട്ട് മിനി സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്ന കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഹരിപ്പാട് മിനി സ്പോർട്സ് അക്കാദമി പരിശോധിക്കും സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി
ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓഫീസ് നടപ്പാക്കുന്ന സൗജന്യ ഫുട്ബോൾ പരിശീലന പരിപാടി ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട് മിനി സ്പോർട്സ് അക്കാദമി പരിശോധിക്കും സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി

ഹരിപ്പാട് മിനി സ്പോർട്സ് അക്കാദമി ഗൗരവമായി പരിശോധിക്കും - മന്ത്രി രമേശ്‌ ചെന്നിത്തല സൗജന്യ ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി

ആലപ്പുഴ:  ഹരിപ്പാട് ആസ്ഥാനമാക്കി മിനി സ്പോർട്സ് അക്കാദമി സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര, വിജിലൻസ്, കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സൗജന്യ ഫുട്ബോൾ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.  

 പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ ഭാവിയിൽ ലോകമറിയുന്ന ഫുട്ബോൾ താരങ്ങളായി മാറണമെന്നും കുട്ടികളിലെ കായികശേഷി വളർത്തുന്നതിനും ഫുട്ബോൾ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനും പരിശീലനം സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. നാഥൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിശീലന ക്ലാസുകൾ തടസ്സമില്ലാതെ കാര്യക്ഷമമായി നടത്തുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ 14 ജനപ്രതിനിധികളിൽ ഒരാളുടെ സാന്നിധ്യം ഓരോ ക്ലാസിലും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അഞ്ചു മുതൽ 10 വരെയുള്ള ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട 60 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ആറുമാസം നീളുന്ന പരിശീലനം 2027 മേയ് വരെ തുടരും. എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് മൂന്നിനാണ് പരിശീലന ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

പരിശീലനത്തിന് പുറമേ, ജേഴ്സി, ഫുട്ബോൾ, ബൂട്ടുകൾ തുടങ്ങിയയും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യമായി നൽകി. പദ്ധതിയുടെ ആദ്യ ബാച്ചിനാണ് ഇപ്പോൾ തുടക്കമായത്. 

ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി ഹരികുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ പാലക്കാടൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സാജൻ പനയാറ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി പ്രകാശ്, ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അഡ്വ.മുഹമ്മദ്‌ അസ്‌ലം, മറ്റു ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കായിക പ്രേമികൾ, കുട്ടികൾ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.