​പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ

അർഹരായ എല്ലാ ഭവനരഹിതർക്കും തുക വർദ്ധിപ്പിച്ചു നൽകി വീട് ഉറപ്പാക്കും. കൂടാതെ, ഭൂരഹിതരായ മുഴുവൻ പട്ടികവിഭാഗക്കാർക്കും ഭൂമി ലഭ്യമാക്കുന്നതിനായി വരും നിയമസഭാ സമ്മേളനത്തിൽ ആവശ്യമായ നിയമനിർമ്മാണവും നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

​പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ
സംസ്ഥാന സർക്കാരിന്റെ പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം’ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവ്വഹിക്കുന്നു.
​പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കും മുഖ്യമന്ത്രി വി. ഡി. സതീശൻ

പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ പറഞ്ഞു.

എറണാകുളം:    ഗാന്ധി ജയന്തി ദിനത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പുതുയുഗ വഴിയിൽ നാം ഉയരുന്നു നാടുണരുന്നു" എന്ന മുദ്രാവാക്യമുയർത്തിയാണ് ഈ വർഷത്തെ പക്ഷാചരണം നടക്കുന്നത്. പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം ഇനിമേൽ ഒരു വഴിപാട് പോലെയായിരിക്കില്ല. അവരുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.  

ലൈഫ് പദ്ധതി വഴി പട്ടികവിഭാഗങ്ങൾക്ക് വീടുകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഇവർക്കായി പ്രത്യേക ഭവന നിർമ്മാണ പദ്ധതിക്ക് സർക്കാർ രൂപം നൽകും. അർഹരായ എല്ലാ ഭവനരഹിതർക്കും തുക വർദ്ധിപ്പിച്ചു നൽകി വീട് ഉറപ്പാക്കും. കൂടാതെ, ഭൂരഹിതരായ മുഴുവൻ പട്ടികവിഭാഗക്കാർക്കും ഭൂമി ലഭ്യമാക്കുന്നതിനായി വരും നിയമസഭാ സമ്മേളനത്തിൽ ആവശ്യമായ നിയമനിർമ്മാണവും നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

സംസ്ഥാന ബജറ്റിൽ തുക ചുരുക്കേണ്ടി വന്നപ്പോഴും പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ടിൽ ഒരു രൂപ പോലും കുറവു വരുത്തിയില്ലെന്നും, 500 കോടി രൂപ അഡീഷണലായി അനുവദിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റും സ്കോളർഷിപ്പുകളും ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൊഫഷണൽ കോഴ്സുകളിലടക്കം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. ഇതിനായി എത്ര കോടി രൂപ ആവശ്യമായി വന്നാലും ധനകാര്യ വകുപ്പ് മുൻകൂറായി അനുവദിക്കുമെന്നും വിദ്യാഭ്യാസം സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് കേന്ദ്രമാക്കി പുതിയ ആശയങ്ങളോടെ ലോകത്തിലെ തന്നെ ആദ്യത്തെ 'ട്രൈബൽ യൂണിവേഴ്സിറ്റി' യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഗോത്രവർഗ്ഗക്കാരുടെ തനതായ കലകളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ട്രൈബൽ ഫെസ്റ്റിവലുകൾ ഉൾപ്പെടെ സംഘടിപ്പിക്കും. മുൻതലമുറകൾ അനുഭവിച്ച പ്രയാസങ്ങൾ മറികടന്ന് പുതിയ തലമുറ പഠിച്ച് മിടുക്കരായി മുഖ്യധാരയിലേക്ക് ഉയർന്നുവരണമെന്നും, അവരെ കൈപിടിച്ചുയർത്താൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികൾ ഈ മാസം ഒമ്പതാം തീയതി പൂർത്തിയാവുകയാണ്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ഏറ്റെടുത്ത 100 ശതമാനം പരിപാടികളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചതിൽ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഉദ്ഘാടനച്ചടങ്ങിൽ വിവിധ ക്ഷേമ പദ്ധതികളുടെ വിതരണവും ആദരിക്കലും നടന്നു. പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യവികസന പദ്ധതി പ്രകാരം ജോലി ലഭിച്ച ഉദ്യോഗാർത്ഥികൾക്ക് ഹൈബി ഈഡൻ എം പി ഓഫർ ലെറ്ററുകൾ വിതരണം ചെയ്തു. കെ എസ് ബി സി ഡി (KSBCDC) യുടെ സി ഡി എസ് മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം, 2025-26 വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒബിസി വിദ്യാർഥികൾക്കുളള അവാർഡ് വിതരണം. എന്നിവ നടന്നു.

പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ടീച്ചർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം പി, എം.എൽ.എ-മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, ടോണി ചമ്മിണി, മുഹമ്മദ് ഷിയാസ്, ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.