വോട്ടർ പട്ടികയിലെ നോൺ മാപ്പിംഗ്
വോട്ടർ പട്ടികയിലെ നോൺ മാപ്പിംഗ് സർക്കാർ ശക്തമായി ഇടപെടുന്നു എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക് മന്ത്രി പി. രാജീവ്
വോട്ടർ പട്ടികയിലെ നോൺ-മാപ്പിംഗ്: സർക്കാർ ശക്തമായി ഇടപെടുന്നു; എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ്പ് ഡെസ്ക് - മന്ത്രി പി. രാജീവ്
കൊച്ചി: വോട്ടർ പട്ടികയിലെ നോൺ-മാപ്പിംഗ് വിഷയത്തിൽ ഒരു പൗരനും വോട്ടവകാശം നഷ്ടപ്പെടരുതെന്ന ഉറച്ച നിലപാടോടെ സർക്കാർ ശക്തമായ ഇടപെടൽ നടത്തുകയാണെന്ന് നിയമമന്ത്രി പി. രാജീവ്. വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഗണിച്ച് സുപ്രീം കോടതിയെ സമീപിച്ച ഏക സംസ്ഥാനം കേരളമാണെന്നും ഇതിലൂടെ ഹിയറിംഗിനായി രണ്ടാഴ്ചത്തെ അധിക സമയം ലഭ്യമായതായും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് ഏകദേശം 19.32 ലക്ഷം പേർ നിലവിൽ നോൺ-മാപ്പിംഗ് വിഭാഗത്തിലാണ്. എറണാകുളം ജില്ലയിൽ മാത്രം 2,06,061 പേർ ഈ പട്ടികയിലുണ്ട്. തൃപ്പൂണിത്തുറ (33,264), എറണാകുളം (26,544), ഉദയംപേരൂർ (24,650) എന്നിവിടങ്ങളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പേർ ഈ വിഭാഗത്തിലുള്ളത്. 2002-ലെ വോട്ടർ പട്ടികയോ മാതാപിതാക്കളുടെ വിവരങ്ങളോ ആയി സാങ്കേതികമായി പൊരുത്തപ്പെടാത്തതാണ് നോൺ-മാപ്പിംഗിന് കാരണം.
ഹിയറിംഗ് ജനുവരി 6 മുതൽ 28 വരെ
നോൺ-മാപ്പിംഗ് വിഭാഗത്തിലുള്ളവർ ആവശ്യമായ രേഖകൾ സമർപ്പിച്ച് ഹിയറിംഗിൽ ഹാജരായാൽ മാത്രമേ വോട്ടവകാശം നിലനിൽക്കൂ. ഇതിനായി ജനുവരി 6 മുതൽ 28 വരെ ഹിയറിംഗ് നടക്കും. ബി.എൽ.ഒമാർ രേഖകൾ പരിശോധിച്ചവരും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശപ്രകാരം ഹിയറിംഗിന് ഹാജരാകണം.
വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ
പൊതുജനങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കാൻ സർക്കാർ ഉത്തരവിട്ടു. ഓരോ ഓഫീസിലും ചുരുങ്ങിയത് രണ്ട് ജീവനക്കാരെ ഇതിനായി നിയോഗിക്കും. എസ്.സി-എസ്.ടി വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ എന്നിവരുടെ വോട്ടവകാശം ഉറപ്പാക്കാൻ കുടുംബശ്രീ, ആശ, അങ്കണവാടി പ്രവർത്തകരുടെ സേവനവും തേടും.
ഇതൊരു പ്രത്യേക വിഭാഗത്തെയോ സമുദായത്തെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും സാങ്കേതിക പിഴവുകൾ പരിഹരിക്കാനാണ് ശ്രമമെന്നും മന്ത്രി വ്യക്തമാക്കി. ജനാധിപത്യത്തിൽ ഓരോ വോട്ടും ഉറപ്പാക്കാൻ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു

