പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും
തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി. അൻവർ പുതിയ പാർട്ടി രൂപീകരിക്കുന്നു. കോൺഗ്രസ് അനുകൂല നിലപാടും പിണറായിസത്തോടുള്ള എതിർപ്പും പ്രഖ്യാപിച്ച് കേരളത്തിൽ പുതിയ രാഷ്ട്രീയ നീക്കം.
തൃണമൂൽ വിട്ട് പി.വി. അൻവർ; കേരളത്തിൽ പുതിയ പാർട്ടി രൂപീകരിക്കും, ലക്ഷ്യം 'പിണറായിസവും ഫാഷിസവും'
കോഴിക്കോട്: തൃണമൂൽ കോൺഗ്രസുമായുള്ള (TMC) എല്ലാ ബന്ധവും ഉപേക്ഷിച്ചതായി പാർട്ടി സംസ്ഥാന കൺവീനറും ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പി.വി. അൻവർ. തൃണമൂലിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചതായും കേരളം കേന്ദ്രീകരിച്ച് ഉടൻ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മേയ് പകുതിയോടെ പുതിയ പാർട്ടി നിലവിൽ വരും.
രാഹുൽ ഗാന്ധിയുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന, മതേതര-ജനാധിപത്യ-സോഷ്യലിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ പ്രസ്ഥാനമായിരിക്കും ഇതെന്നും അൻവർ വ്യക്തമാക്കി. ഫാഷിസത്തെയും പിണറായിസത്തെയും ഒരുപോലെ എതിർക്കുന്ന നിലപാടായിരിക്കും പാർട്ടിയുടേത്.
തൃണമൂൽ വിടാൻ കാരണം:
കഴിഞ്ഞ ഒന്നര വർഷമായി തൃണമൂലുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നുവെന്നും എന്നാൽ ദേശീയ നേതൃത്വത്തിൽ നിന്ന് അർഹമായ പിന്തുണ ലഭിച്ചില്ലെന്നും അൻവർ പറഞ്ഞു. ബേപ്പൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കളെ ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസുമായി വേദി പങ്കിടാൻ കഴിയില്ലെന്ന നിലപാടാണ് ബംഗാൾ നേതൃത്വം സ്വീകരിച്ചത്. കോൺഗ്രസുമായുള്ള ഐക്യത്തെ ബംഗാൾ ഘടകം എതിർക്കുന്നത് കേരളത്തിലെ പ്രവർത്തനങ്ങളെ ബാധിക്കുന്ന സാഹചര്യത്തിലാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.