പുതുവൈപ്പിൽ 41.07 കോടിയുടെ തീരസംരക്ഷണ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചു
പുതുവൈപ്പിലെ രൂക്ഷമായ തീരശോഷണം തടയുന്നതിനും എൽപിജി ടെർമിനൽ സുരക്ഷയ്ക്കുമായി 41.07 കോടി രൂപയുടെ തീരസംരക്ഷണ പദ്ധതി വരുന്നു. കൊച്ചി പോർട്ട്, KSCADC, IOCL എന്നിവർ കരാറിൽ ഒപ്പുവെച്ചു
പുതുവൈപ്പിൽ 41.07 കോടിയുടെ തീരസംരക്ഷണ പദ്ധതി: ധാരണാപത്രത്തിൽ ഒപ്പുവെച്ചു
എറണാകുളം: പുതുവൈപ്പിൽ രൂക്ഷമായ തീരശോഷണം തടയുന്നതിനും കൊച്ചി എൽപിജി ഇറക്കുമതി ടെർമിനലിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന സമഗ്ര തീരസംരക്ഷണ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ, എറണാകുളം എം പി ഹൈബി ഈഡൻ, വൈപ്പിൻ എംഎൽഎ ടോണി ചമ്മണി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. കൊച്ചി പോർട്ട് അതോറിറ്റി, കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് എന്നിവർ ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്.
ഏകദേശം 41.07 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി ഐഒസിഎല്ലിന്റെ ക്യാപിറ്റൽ ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കുന്നത്. ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനീയറിംഗ് വിഭാഗം തയ്യാറാക്കിയ സാങ്കേതിക പഠനത്തിന്റെയും എസ്റ്റിമേറ്റിന്റെയും അടിസ്ഥാനത്തിലാണ് പദ്ധതി രൂപീകരിച്ചത്. പദ്ധതിയുടെ നിർവഹണ ഏജൻസിയായ തീരദേശ വികസന കോർപ്പറേഷനാണ് ടെൻഡർ നടപടികളും നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ടവും ഗുണനിലവാര പരിശോധനയും നടത്തുന്നത്. കൂടാതെ, പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി കൊച്ചി പോർട്ട് അതോറിറ്റി, കെ എസ് സി എ ഡി സി, ഐഒസിഎൽ, ചെന്നൈ ഐഐടി എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്ന മേൽനോട്ട സമിതിയും രൂപീകരിക്കും.
പദ്ധതിയുടെ ഭാഗമായി പുതുവൈപ്പ് തീരമേഖലയിൽ ഏകദേശം 3 കിലോമീറ്റർ ദൂരത്തിൽ ആകെ 21 പുലിമുട്ടുകളാണ് നിർമ്മിക്കുന്നത്. ഇതിൽ 7 പുലിമുട്ടുകൾ ഈ ധാരണാപത്രത്തിന്റെ കീഴിൽ ഐഒസിഎൽ നേരിട്ട് നിർമ്മിക്കും. കരാറുകാരനെ തിരഞ്ഞെടുത്തതിനു ശേഷം 12 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രകൃതിദുരന്തങ്ങൾ മൂലം തീരത്തിന് ഉണ്ടാകുന്ന കേടുപാടുകൾ ഉടൻ പരിഹരിക്കുന്നതിനായി പ്രത്യേക ഗ്രാനൈറ്റും ശേഖരിക്കുന്നതാണ്. കടലേറ്റവും തീരശോഷണവും മൂലം വലിയ ഭീഷണി നേരിടുന്ന പുതുവൈപ്പ് തീരദേശവാസികൾക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.
ചടങ്ങിൽ തീരദേശ വികസന കോർപ്പറേഷൻ ലിമിറ്റഡ് എംഡി പി ഐ ഷെയ്ഖ് പരീത്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ വി വെങ്കടേശ്വര റാവു, കൊച്ചി പോർട്ട് അതോറിറ്റി ചീഫ് എൻജിനീയർ ഇൻ ചാർജ് ടി പി തദ്ദേവുസ് എന്നിവർ പങ്കെടുത്തു.
68 ാമത് സംസ്ഥാന സ്കൂൾ കായിക മേള ഭക്ഷണപ്പുരയുടെ പാലുകാച്ചൽ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു
സഹകരണ മേഖല സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയുടെ കരുത്ത് മന്ത്രി റോജി എം. ജോൺ
കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ജിഡ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം മുഖ്യമന്ത്രി വി ഡി സതീശൻ
പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അവസരം എന്നും ഉണ്ടാകും മന്ത്രി റോജി എം. ജോൺ
പുതുവൈപ്പിൽ 41.07 കോടിയുടെ തീരസംരക്ഷണ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചു