പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കെപിസിസി സംസ്കാര സാഹിതിയുടെ വേദിയിലെത്തുന്നു. കെ.സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു

പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്
പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്

ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്; രാഷ്ട്രീയ പ്രവേശന സൂചനയേകി ചർച്ചകൾ സജീവം

​കോട്ടയം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും പ്രമുഖ നടനുമായ പ്രേംകുമാർ കോൺഗ്രസ് വേദിയിലേക്ക്. നാളെ നാഗമ്പടത്ത് നടക്കുന്ന കെപിസിസി സംസ്കാര സാഹിതിയുടെ സമാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. പരിപാടിയിൽ പങ്കെടുക്കുമെന്ന കാര്യം പ്രേംകുമാർ സ്ഥിരീകരിച്ചിട്ടുണ്ട്.

​നേരത്തെ നിശ്ചയിച്ച സാംസ്കാരിക പരിപാടിയാണിതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നുമാണ് പ്രേംകുമാർ വിശദീകരിക്കുന്നത് എങ്കിലും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കഴക്കൂട്ടം മണ്ഡലത്തിലേക്ക് പ്രേംകുമാറിനെ കോൺഗ്രസ് പരിഗണിക്കുന്നതായാണ് സൂചന.

​കൂടിക്കാഴ്ചകളും രാഷ്ട്രീയ സാധ്യതകളും

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി പ്രേംകുമാർ ഫോണിൽ സംസാരിച്ചു. തുടർന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. സർക്കാരിൽ നിന്ന് അനീതി നേരിട്ടു എന്ന പരാതി മുൻപ് പ്രേംകുമാർ ഉന്നയിച്ചിരുന്നു. കുടുംബപരമായ കോൺഗ്രസ് പാരമ്പര്യവും കെഎസ്‌യുവിലൂടെയുള്ള പ്രവർത്തന പരിചയവും അദ്ദേഹം അനുസ്മരിച്ചു.

​"നിലവിൽ ഒരു പാർട്ടിയിലും അംഗത്വമെടുത്തിട്ടില്ല. നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ല, ദൈവനിശ്ചയം പോലെ നടക്കട്ടെ" - സ്ഥാനാർത്ഥിത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചു. പ്രേംകുമാറിന്റെ നിലപാട് വ്യക്തമായ ശേഷം പാർട്ടി പ്രവേശനത്തിൽ ഔദ്യോഗിക തീരുമാനമുണ്ടാകും.