കുരുന്നുകളുടെ നൂതനാശയങ്ങളുമായി ലിയോറ
കുരുന്നുകളുടെ നൂതനാശയങ്ങളുമായി ലിയോറ ഇന്നവേഷൻ കോൺക്ലേവിന് കളമശേരിയിൽ തുടക്കമായി
കുരുന്നുകളുടെ നൂതനാശയങ്ങളുമായി 'ലിയോറ'; ഇന്നവേഷൻ കോൺക്ലേവിന് കളമശേരിയിൽ തുടക്കമായി
കൊച്ചി: കുട്ടികളുടെ ഉള്ളിലെ സർഗ്ഗാത്മകതയും നൂതനാശയങ്ങളും സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന 'ലിയോറ ഇന്നവേഷൻ കോൺക്ലേവിന്' കളമശേരിയിൽ തുടക്കമായി. കളമശേരി സ്റ്റാർട്ടപ്പ് മിഷൻ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിൽ പ്രശസ്ത സിനിമാതാരം സരയു മോഹൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീയുടെ ബാലസഭകൾ നാളെയുടെ പ്രതീക്ഷകളാണെന്ന് സരയു മോഹൻ പറഞ്ഞു. കുട്ടികളിലെ ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ പ്രകാശത്തിലേക്ക് കൊണ്ടുവരിക എന്നതാണ് 'ലിയോറ' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ലക്ഷ്യബോധത്തോടെ പ്രവർത്തിച്ച്, ഉത്തരങ്ങൾ തേടി യാത്ര ചെയ്യാൻ കുട്ടികൾ തയ്യാറാകണമെന്നും ആ അറിവുകൾ നമ്മുടെ നാടിന്റെ നന്മയ്ക്കായി ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ചടങ്ങിൽ 143 കുട്ടികളുടെ ആശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ 'ലിയോറ മൈലറ്റ്' പുസ്തകത്തിൻറെ പ്രകാശനം സരയു നിർവഹിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ആസൂത്രണ സമിതി അംഗം പ്രൊഫ. ജിജു പി അലക്സ് മുഖ്യാതിഥിയായി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ട് മുതൽ 18 വയസ്സുവരെയുള്ള 650-ഓളം കുട്ടികളാണ് രണ്ട് ദിവസത്തെ ഈ കോൺക്ലേവിൽ പങ്കെടുക്കുന്നത്. ബാലസഭകൾ വഴി സി.ഡി.എസ് തലത്തിൽ നിന്നും തിരഞ്ഞെടുത്ത ആശയങ്ങളാണ് വിദഗ്ധ പരിശീലനത്തിന് ശേഷം ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.
കളമശ്ശേരി നഗരസഭ കൗൺസിലർ കെ.ബി ബാബുരാജ്, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത്, കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഒ.ഒ ടോം ജോസഫ് തുടങ്ങി സാമൂഹിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

