തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
എറണാകുളത്ത് സംഘടിപ്പിച്ച ശിഖ ശിൽപശാലയിൽ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചും തുല്യനീതിയെക്കുറിച്ചും സംസാരിച്ച് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ.
തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
കൊച്ചി: തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പോളിടെക്നിക്, ഐ.ടി.ഐ. വിദ്യാർഥിനികൾക്കായി കേരള സർക്കാർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് സംഘടിപ്പിച്ച 'ശിഖ' (സേഫ്റ്റി, ഹെൽത്ത് ആൻഡ് ഇൻഡസ്ട്രിയൽ നോളജ് ഫോർ ഹെർ അഡ്വാൻസ്മെന്റ്) എന്ന ഏകദിന ആരോഗ്യ സുരക്ഷിതത്വ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീശാക്തീകരണം സ്വന്തം അവകാശങ്ങളെയും വ്യക്തിത്വത്തെയും കുറിച്ചുള്ള ബോധ്യത്തിൽനിന്നാണ് ആരംഭിക്കേണ്ടതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതി എല്ലാവർക്കും ലഭ്യമാക്കണം. തുല്യജോലി ചെയ്യുന്ന സ്ത്രീക്കും പുരുഷനും വ്യത്യസ്ത വേതനം നൽകാൻ പാടില്ല. പ്രസവാനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള നിയമപരമായ അവകാശങ്ങൾ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് തൊഴിൽ വകുപ്പ് ഉറപ്പാക്കുമെന്നും വിവേചനങ്ങൾ കണ്ടെത്തി പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ആത്മവിശ്വാസത്തോടെ മുന്നേറാൻ പെൺകുട്ടികൾ തയ്യാറാകണം. പ്രതികൂല സാഹചര്യങ്ങളോട് പൊരുതി ഉയർന്ന നേട്ടങ്ങൾ കൈവരിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇതിന് മികച്ച ഉദാഹരണമാണ്. വ്യവസായശാലകളിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുകയാണ് ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ചുമതല. തൊഴിൽ സുരക്ഷ കേവലം ഒരു മുൻകരുതലായി കാണാതെ ജീവിതസംസ്കാരമായി വളർത്തിയെടുക്കണം. സുരക്ഷാ വീഴ്ചകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികാരികളെ അറിയിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗത്തിനെതിരെയും അക്രമവാസനകൾക്കെതിരെയും ജാഗ്രത വേണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു. ക്യാമ്പസുകളിൽ ശക്തമായ റാഗിങ് വിരുദ്ധ സംവിധാനങ്ങൾ ഉണ്ടാകണം. ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്താതെ അവരെ അതിൽനിന്ന് മോചിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കണമെന്നും മന്ത്രി നിർദേശിച്ചു.
കളമശ്ശേരി എച്ച്.എം.ടി. ജങ്ഷനിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് ഹാളിൽ നടന്ന ചടങ്ങിൽ കളമശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമാൽ മണക്കാടൻ പരിശീലന പുസ്തകം പ്രകാശനം ചെയ്തു. നഗരസഭാ കൗൺസിലർ മാഹിൻ കെ.ഇ, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ ആർ. സൂരജ് കൃഷ്ണൻ, എറണാകുളം ജോയിന്റ് ഡയറക്ടർ നിതീഷ് ദേവരാജ് എന്നിവരും പങ്കെടുത്തു.
മാതൃത്വ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, സമൂഹത്തിന്റെയും സർക്കാരിന്റേതുമാണ് മന്ത്രി ബിന്ദു കൃഷ്ണ
സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി, ഹണിട്രാപ്പെന്ന് സംശയം സൂത്രധാര നടി അതുല്യ ചന്ദ്രയെന്ന് പൊലീസ്
ഇരുമ്പനം, ചിത്രപ്പുഴ പാലങ്ങൾ റീ ടാർ ചെയ്യാൻ 52.65 ലക്ഷം രൂപ അനുവദിച്ചു മന്ത്രി അനൂപ് ജേക്കബ്
തൊഴിലിടങ്ങളിൽ തുല്യനീതിയും സുരക്ഷിതത്വവും ഉറപ്പാക്കും മന്ത്രി ബിന്ദു കൃഷ്ണ
ശബരിമല തീർത്ഥാടനം ഭക്ഷ്യസുരക്ഷയും കുടിവെള്ള വിതരണവും ഉറപ്പാക്കും അവലോകന യോഗത്തിൽ നിർദേശവുമായി മന്ത്രി കെ. മുരളീധരൻ
ചിന്നക്കനാൽ 301 കോളനിയുടെ സമഗ്ര വികസനം 10 പ്രധാന ശുപാർശകളുമായി ഊരുകൂട്ടം പട്ടയം ദുരുപയോഗം ചെയ്താൽ റദ്ദാക്കും