കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ അപകടം ബസ് കയറിയിറങ്ങി വയോധികയ്ക്ക് ഗുരുതര പരിക്ക്
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് തട്ടി വീണ വയോധികയുടെ കാലുകളിലൂടെ ചക്രങ്ങൾ കയറിയിറങ്ങി നില ഗുരുതരം
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് തട്ടി വീണ വയോധികയുടെ കാലുകളിലൂടെ ചക്രങ്ങൾ കയറിയിറങ്ങി; നില ഗുരുതരം
തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസിടിച്ചു വീണ യാത്രക്കാരിയുടെ കാലുകളിലൂടെ അതേ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. ബാലരാമപുരം ഐക്കോട്ടുകോണം ചെറുത്തലവിളാകത്തു വീട്ടിൽ സാനുമതിയെയാണ് (62) അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് നാലേകാലോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മകളെ മൈലക്കരയിലുള്ള വീട്ടിൽ പോയി കണ്ടശേഷം, സ്വന്തം വീട്ടിലേക്ക് മടങ്ങാനായി ബസ് കാത്തുനിൽക്കുകയായിരുന്നു സാനുമതി. ഈ സമയത്ത് യാത്രക്കാരെ കയറ്റി നെയ്യാർ ഡാമിലേക്ക് പുറപ്പെടാനൊരുങ്ങിയ ബസാണ് അപകടമുണ്ടാക്കിയത്. ബസ് പിന്നിലേക്ക് എടുക്കുന്നതിനിടെ തട്ടി സാനുമതി നിലത്തു വീഴുകയായിരുന്നു. എന്നാൽ ഡ്രൈവർ ഇത് ശ്രദ്ധിക്കാതെ ബസ് മുന്നോട്ട് എടുത്തതോടെ സാനുമതിയുടെ രണ്ട് കാലുകളിലൂടെയും ബസ് കയറിയിറങ്ങി.
ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവരും ഡിപ്പോ അധികൃതരും ചേർന്ന് ഇവരെ ആശുപത്രിയിലെത്തിച്ചു. സാനുമതിയുടെ രണ്ട് കാലുകൾക്കും സാരമായ പരുക്കേറ്റതായാണ് വിവരം.
സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം
ഡിപ്പോയിൽ അപകടങ്ങൾ പതിവാണെന്ന് യാത്രക്കാർ ആരോപിക്കുന്നു. തിരക്കുള്ള സമയങ്ങളിൽ പോലും ഡിപ്പോ അങ്കണത്തിൽ ഗതാഗത നിയന്ത്രണത്തിനോ യാത്രക്കാർക്ക് നിർദ്ദേശം നൽകാനോ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാകാറില്ലെന്നാണ് പരാതി. അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ ഡിപ്പോയിലുണ്ടെങ്കിലും പലപ്പോഴും ഇവരുടെ സേവനം യാത്രക്കാർക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

