കടുവയുടെ പശ്ചാത്തലം, സത്യദേവിന്റെ സമവർത്തി ഫസ്റ്റ് ലുക്ക് പുറത്ത്
തെലുങ്ക് യുവനടൻ സത്യദേവ് കാഞ്ചരണ നായകനാകുന്ന പതിനാറാം ചിത്രം സമവർത്തി യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. പ്രകൃതി പശ്ചാത്തലമാകുന്ന ഒരു ഇക്കോളജിക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം.
ഹൈദരാബാദ്: വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ തനതായ വ്യക്തിത്വം സൃഷ്ടിച്ച യുവനടൻ സത്യദേവ് കാഞ്ചരണയുടെ പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. 'സമവർത്തി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സത്യദേവിന്റെ കരിയറിലെ പതിനാറാം സിനിമയാണ്. രുദ്ര പിക്ചേഴ്സ്, പഞ്ചഭൂത പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ശിവചരൺ റെഡ്ഡി ജാക്കിഡി, ശശിധർ റെഡ്ഡി പദമതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അജയ് നാഗ് വി. ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു പാരിസ്ഥിതിക ആക്ഷൻ ത്രില്ലറായാണ് (Ecological Action Thriller) 'സമവർത്തി' ഒരുങ്ങുന്നത്.
പ്രേക്ഷകരിൽ ഏറെ കൗതുകം ഉണർത്തുന്ന രീതിയിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ചുറ്റും മഴുവും കത്തിയുമായി നിരവധി ആളുകൾ ആക്രമിക്കാൻ വരുമ്പോഴും, ഹെഡ്‌ഫോണിൽ ശാന്തമായി സംഗീതം കേട്ടുനിൽക്കുന്ന സത്യദേവിന്റെ തീവ്രമായ ലുക്കാണ് പോസ്റ്ററിലുള്ളത്. പ്രകൃതിയുടെ വന്യതയും സത്തയും ഉൾക്കൊള്ളുന്ന പ്രീ-ലുക്കിന് പിന്നാലെയെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പശ്ചാത്തലത്തിൽ ഒരു കടുവയുടെ ചിത്രവുമുണ്ട്. ഇത് കഥയിലെ പാരിസ്ഥിതിക പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.
സത്യദേവിന്റെ കരിയറിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കും 'സമവർത്തി' എന്നാണ് സൂചന. തന്റെ ശാരീരികക്ഷമതയും അഭിനയത്തിലെ തീവ്രതയും വർദ്ധിപ്പിച്ചു കൊണ്ടുള്ള ഒരു സമ്പൂർണ്ണ ആക്ഷൻ ഹീറോ പരിവേഷത്തിലാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംഘർഷങ്ങളെ ആക്ഷൻ ഘടകങ്ങളുമായി കോർത്തിണക്കിയാണ് കഥ വികസിപ്പിച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയ നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രാജീവ് കനകല, ഗണവി ലക്ഷ്മൺ, രവീന്ദ്ര വിജയ്, മോഹൻ ഭഗത് തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിലായി വലിയ തിയേറ്റർ റിലീസിനാണ് ചിത്രം തയ്യാറെടുക്കുന്നത്.
ഹർഷ മല്ലികാർജുൻ, ദേവ് ദീപ് ഗണ്ഡികുണ്ട് എന്നിവർ ഛായാഗ്രഹണവും ആദിത്യ തിവാരി എഡിറ്റിങ്ങും നിർവ്വഹിക്കുന്നു. സിൻജിത്ത് യെരമില്ലിയാണ് സംഗീത സംവിധാനം. കലാസംവിധാനം: മൊണ്ട്രു രവികുമാർ, കോസ്റ്റ്യൂം ഡിസൈനർ: പ്രിയങ്ക റെബേക്ക ശ്രീനിവാസ്, പ്രൊഡക്ഷൻ ഡിസൈനർ: ഉല്ലാസ് ഹൈദൂർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: വിനയ് റെഡ്ഡി മാമിഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഉജ്വല് ബിഎം