വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് നിയന്ത്രണം നാളെ മുതൽ അടിസ്ഥാന സൗകര്യമില്ലാതെ ഉടമകൾ പ്രതിസന്ധിയിൽ

മലിനീകരണ നിയന്ത്രണ സംവിധാനമില്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ട് കായലിൽ നാളെ മുതൽ നിരോധനം. എസ്ടിപി പ്ലാന്റുകളുടെ അഭാവം ഹൗസ്ബോട്ട് മേഖലയെ കടുത്ത ആശങ്കയിലാക്കുന്നു.

വേമ്പനാട്ട് കായലിൽ ഹൗസ്ബോട്ട് നിയന്ത്രണം നാളെ മുതൽ അടിസ്ഥാന സൗകര്യമില്ലാതെ ഉടമകൾ പ്രതിസന്ധിയിൽ
മലിനീകരണ നിയന്ത്രണ സംവിധാനമില്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ട് കായലിൽ നാളെ മുതൽ നിരോധനം. എസ്ടിപി പ്ലാന്റുകളുടെ അഭാവം ഹൗസ്ബോട്ട് മേഖലയെ കടുത്ത ആശങ്കയിലാക്കുന്നു.

ആലപ്പുഴ: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും മതിയായ സർട്ടിഫിക്കറ്റുകളും ഇല്ലാത്ത ഹൗസ്ബോട്ടുകൾക്ക് വേമ്പനാട്ടു കായലിൽ നാളെ മുതൽ പ്രവർത്തനാനുമതി നിഷേധിക്കും. ഹൈക്കോടതിയുടെ ജനുവരി 20-ലെ ഇടക്കാല ഉത്തരവ് പ്രകാരം മൂന്നു മാസത്തെ സാവകാശം അവസാനിക്കുന്ന സാഹചര്യത്തിലാണ് തുറമുഖ വകുപ്പ് പരിശോധന കർശനമാക്കുന്നത്. എന്നാൽ, കോടതി ഉത്തരവ് നടപ്പിലാക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജില്ലയിൽ ഒരുക്കാതെ ബോട്ട് ഉടമകളെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് അധികൃതരുടേതെന്ന് ആക്ഷേപമുയർന്നു.

​ശുചിമുറി മാലിന്യത്തിന് പുറമെ, ബോട്ടിലെ അടുക്കളയിൽ നിന്നും വാഷ് ബേസിനിൽ നിന്നുമുള്ള വെള്ളം (ഗ്രേ വാട്ടർ) ഉൾപ്പെടെ കായലിലേക്ക് ഒഴുക്കരുതെന്നും ഇവ ശേഖരിച്ച് ശുദ്ധീകരിക്കണമെന്നുമാണ് കോടതിയുടെ പുതിയ നിർദേശം. നിലവിൽ ബഹുഭൂരിപക്ഷം ബോട്ടുകളും ഈ വെള്ളം കായലിലേക്കാണ് ഒഴുക്കുന്നത്. ഓരോ സഞ്ചാരിയും ശരാശരി 500 മുതൽ 1000 ലിറ്റർ വരെ വെള്ളം ഉപയോഗിക്കുന്ന സാഹചര്യത്തിൽ, ഇത്രയും വലിയ അളവ് വെള്ളം സംഭരിച്ച് കരയിലെത്തിച്ചു സംസ്കരിക്കുക എന്നത് പ്രായോഗികമല്ലെന്ന് ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

​ജില്ലയിൽ നിലവിൽ മലിനജല സംസ്കരണത്തിനായി (എസ്ടിപി) സർക്കാർ സംവിധാനങ്ങൾ ലഭ്യമല്ലെന്നത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. ആർ ബ്ലോക്കിൽ ഉടമകളുടെ സംഘടന സ്ഥാപിച്ച പ്ലാന്റ് പ്രളയത്തിൽ തകർന്ന ശേഷം പുനഃസ്ഥാപിച്ചിട്ടില്ല. നിലവിൽ ലോറികളിൽ എറണാകുളം ബ്രഹ്മപുരത്തെ പ്ലാന്റിലെത്തിച്ചാണ് പലരും മാലിന്യം സംസ്കരിക്കുന്നത്. കുമരകത്തെ പ്ലാന്റിനെ ആശ്രയിക്കുന്നവരുമുണ്ടെങ്കിലും ഇത് എല്ലാ ബോട്ടുകൾക്കും പര്യാപ്തമല്ല.

​ഈ സാഹചര്യത്തിൽ ഹൗസ്ബോട്ട് ഉടമകളുടെ സംഘടന സി ബ്ലോക്കിൽ പുതിയ പ്ലാന്റ് സജ്ജമാക്കുന്നുണ്ടെങ്കിലും വെള്ളം ശേഖരിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ബോട്ടുകളിൽ തന്നെ ബയോ ട്രീറ്റ്മെന്റ് നടത്തി പുറന്തള്ളുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ഉടമകളുടെ ആവശ്യം. എന്നാൽ, ഡിടിപിസിയുടെ ഏഴ് കിയോസ്കുകൾ വഴി വെള്ളം സംസ്കരിക്കാമെന്നാണ് തുറമുഖ വകുപ്പിന്റെ മറുപടി. നാളെ മുതൽ പരിശോധന കർശനമാകുന്നതോടെ ഹൗസ്ബോട്ട് മേഖല പൂർണ്ണമായും നിശ്ചലമാകുമോ എന്ന ആശങ്കയിലാണ് ഉടമകളും തൊഴിലാളികളും.