ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് വി.ഡി. സതീശൻ
ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് വി.ഡി. സതീശൻ എൽഡിഎഫ് സർക്കാരിന്റെ പുതിയ ബജറ്റ് വെറും പ്രഹസനമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കബളിപ്പിക്കലാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നു; ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ പുതിയ ബജറ്റ് വെറും പ്രഹസനമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കബളിപ്പിക്കലാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ സാമ്പത്തിക രംഗം അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. ബജറ്റ് അവതരണത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബജറ്റിന്റെ പവിത്രത സർക്കാർ നഷ്ടപ്പെടുത്തിയെന്നും അനാവശ്യമായ രാഷ്ട്രീയം കലർത്തിയെന്നും സതീശൻ ആരോപിച്ചു. "കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ബജറ്റാണിത്. പ്രഖ്യാപിച്ച തുകയുടെ 38 ശതമാനം പോലും ചെലവാക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ കഴിയാത്ത വിധം ട്രഷറി നിയന്ത്രണം നിലനിൽക്കുകയാണ്. തോന്നിയതുപോലെ ബജറ്റ് തയ്യാറാക്കുകയും അത് നടപ്പിലാക്കാതിരിക്കുകയും ചെയ്യുന്ന 'ന്യൂ നോർമൽ' രീതിയാണ് സർക്കാർ പിന്തുടരുന്നത്," അദ്ദേഹം പറഞ്ഞു.
ആശ - അങ്കണവാടി വർക്കർമാരുടെ വേതന വർധനവിനെയും സതീശൻ വിമർശിച്ചു. മുൻപ് ഇവരെ പരിഹസിച്ചവരും നിയമസഭയിൽ ആവശ്യപ്പെട്ടിട്ടും ശമ്പളം കൂട്ടില്ലെന്ന് പറഞ്ഞവരും ഇപ്പോൾ വോട്ട് ലക്ഷ്യമിട്ടാണ് വേതനം വർധിപ്പിച്ചിരിക്കുന്നത്. ക്ഷേമ പെൻഷൻ മുൻപ് നൽകിയ വാഗ്ദാനം പാലിക്കാതെ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം വർധിപ്പിക്കുന്നത് ജനങ്ങളെ വിഡ്ഢികളാക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റവന്യൂ വരുമാനത്തിൽ 15,000 കോടിയുടെ കുറവുണ്ടായപ്പോൾ റവന്യൂ കമ്മി 9,000 കോടി വർധിച്ചു. ഒരു ലക്ഷം കോടി രൂപയോളം വരുന്ന ഡിഎ കുടിശിക നിലനിൽക്കെ, അടുത്ത സർക്കാരിന്റെ തലയിൽ ബാധ്യത കെട്ടിവെക്കാനാണ് ശമ്പള പരിഷ്കരണ കമ്മീഷനെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കിഫ്ബി പദ്ധതികൾ വെറും അവകാശവാദങ്ങൾ മാത്രമായി ഒതുങ്ങിയെന്നും, അടുത്ത വർഷത്തെ ബജറ്റ് യുഡിഎഫ് സർക്കാർ അവതരിപ്പിക്കുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

