നേമം മണ്ഡലം വികസന സെമിനാർ 900 കോടിയുടെ പദ്ധതികളുമായി മന്ത്രി വി. ശിവൻകുട്ടി.
നേമം മണ്ഡലത്തെ 900 കോടിയുടെ പദ്ധതികളിലൂടെ വികസനക്കുതിപ്പിലെത്തിച്ചതായി മന്ത്രി വി. ശിവൻകുട്ടി. വിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത മേഖലകളിലെ വൻ മാറ്റങ്ങൾ വികസന സെമിനാറിൽ മന്ത്രി വിശദീകരിച്ചു.
നേമം മണ്ഡലത്തിൽ 900 കോടിയുടെ വികസനക്കുതിപ്പ്; തൊഴിൽ നൈപുണ്യ ഹബ്ബായി മണ്ഡലം മാറും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷക്കാലം വികസനം മുരടിച്ചുനിന്ന നേമം മണ്ഡലം ഇന്ന് 900 കോടി രൂപയുടെ ബൃഹത്തായ പദ്ധതികളുമായി വികസനക്കുതിപ്പിലാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. നേമം മണ്ഡലത്തിന്റെ വികസന നേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രധാന പ്രഖ്യാപനങ്ങളും പദ്ധതികളും:
തൊഴിൽ നൈപുണ്യ ഹബ്ബ്: നേമത്തെ സംസ്ഥാനത്തെ പ്രധാന തൊഴിൽ നൈപുണ്യ ഹബ്ബാക്കി മാറ്റും. ഇതിന്റെ ഭാഗമായി പാപ്പനംകോട് ആദ്യ ജില്ലാ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട തൊഴിൽ പരിശീലനങ്ങൾക്കായി കരാർ ഒപ്പിട്ടു.
വിദ്യാഭ്യാസ മേഖല: 91.20 കോടിയുടെ പദ്ധതികൾ. വാഴമുട്ടം സ്കൂൾ (11.30 കോടി), കമലേശ്വരം സ്കൂൾ (8.90 കോടി) എന്നിവയുൾപ്പെടെ 19 സ്കൂളുകൾക്കായി 54.76 കോടി രൂപ അനുവദിച്ചു. ചാലയിൽ 18 കോടി രൂപയുടെ അത്യാധുനിക ഐ.ടി.ഐ കെട്ടിടം വരുന്നു.
ഗതാഗതം: റോഡ് വികസനത്തിന് 320 കോടി. 20 വർഷമായി മുടങ്ങിക്കിടന്ന തിരുമല-തൃക്കണ്ണാപുരം റോഡിന് 20.8 കോടി അനുവദിച്ചു. 70.50 കോടി ചിലവിൽ 8 പുതിയ പാലങ്ങൾ (മുടവൻമുകൾ, മധുപാലം, കല്ലടിമുഖം ഉൾപ്പെടെ) യാഥാർത്ഥ്യമാകും.
ആരോഗ്യം: 52.3 കോടിയുടെ പദ്ധതികൾ. ശാന്തിവിള താലൂക്ക് ആശുപത്രിയിൽ 30 കോടിയുടെ പുതിയ കെട്ടിടം. ആറ്റുകാലിൽ അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ (2 കോടി), ഐരാണിമുട്ടം ഹോമിയോ ഡയറക്ടറേറ്റ് (11 കോടി).
ടൂറിസവും സംസ്കാരവും: 150 കോടി ചിലവിൽ ചിത്രാഞ്ജലി സ്റ്റുഡിയോ നവീകരണം. കരമനയാറിന്റെ തീരത്ത് 16.2 കോടിയുടെ വാക് വേ, സൈക്കിൾ ട്രാക്ക്, ശലഭ പാർക്ക് എന്നിവ വരുന്നു. വാഴമുട്ടത്ത് 40 കോടിയുടെ നാഷണൽ ഹൗസിംഗ് മ്യൂസിയം.
കൂടാതെ കരമനയിൽ ശാസ്ത്രജ്ഞൻ സ്ഥാണു പത്മനാഭന്റെ പേരിൽ 6 കോടി ചിലവിൽ കരിയർ ഡെവലപ്‌മെന്റ് സെന്റർ, ജലസേചനത്തിനായി 36 കോടി, വിവിധ സർക്കാർ ഓഫീസുകളുടെ നവീകരണത്തിനായി 35 കോടി എന്നിങ്ങനെ വിപുലമായ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പിലാക്കുന്നത്.
കരുമം ശ്രീവിനായക ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ പുന്നയ്ക്കാമുകൾ വാർഡ് കൗൺസിലർ ആർ.പി ശിവജി അധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ചോദ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും മന്ത്രി മറുപടി നൽകി.

