മുണ്ടക്കയത്ത് വിനോദസഞ്ചാര ബസ് കത്തിനശിച്ചു 45 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുണ്ടക്കയത്ത് വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തിനശിച്ചു. മധുരയിൽ നിന്നും എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന മോക്ഷ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
മുണ്ടക്കയത്ത് വിനോദസഞ്ചാര ബസ് കത്തിനശിച്ചു; 45 യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: മുണ്ടക്കയത്ത് വിനോദസഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് പൂർണ്ണമായും കത്തിനശിച്ചു. മധുരയിൽ നിന്നും എറണാകുളത്തേക്ക് മടങ്ങുകയായിരുന്ന 'മോക്ഷ' എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ 4 മണിയോടെ മുണ്ടക്കയം ടൗണിലായിരുന്നു സംഭവം. ബസിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 45 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.
യാത്രക്കിടെ ബസിന്റെ പിൻഭാഗത്ത് നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ടതിനെത്തുടർന്ന് ഡ്രൈവർ വാഹനം ഒതുക്കി നിർത്തുകയായിരുന്നു. യാത്രക്കാരെ ഉടനടി പുറത്തിറക്കി പരിശോധന നടത്തുന്നതിനിടെ ബസിന്റെ ടയർ പൊട്ടിത്തെറിക്കുകയും തീ ആളിപ്പടരുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ തന്നെ ബസ് പൂർണ്ണമായും തീപിടുത്തത്തിന് ഇരയായി.
യാത്രക്കാരുടെ വസ്ത്രങ്ങളും ഫോണുകളും ഉൾപ്പെടെയുള്ള വ്യക്തിഗത സാമഗ്രികൾ ബസിനുള്ളിൽ വെച്ച് തന്നെ കത്തിനശിച്ചു. വിവരമറിഞ്ഞ ഉടൻ കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്സ് സംഘവും ഹൈവേ പോലീസും സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും ഉപയോഗശൂന്യമായി. കൃത്യസമയത്ത് യാത്രക്കാരെ പുറത്തിറക്കാൻ സാധിച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

