വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി ആഭ്യന്തര ടൂറിസം പ്രതിസന്ധിയിൽ

വിമാനയാത്രാ നിരക്ക് കുത്തനെ ഉയർന്നതോടെ മലയാളി സഞ്ചാരികൾ വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകൾ റദ്ദാക്കി മൂന്നാറിലേക്കും വാഗമണ്ണിലേക്കും തിരിയുന്നു; ടൂറിസം മേഖലയിലെ പുതിയ മാറ്റങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട്.

വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി ആഭ്യന്തര ടൂറിസം പ്രതിസന്ധിയിൽ
വിമാനയാത്രാ നിരക്ക് കുത്തനെ ഉയർന്നതോടെ മലയാളി സഞ്ചാരികൾ വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകൾ റദ്ദാക്കി മൂന്നാറിലേക്കും വാഗമണ്ണിലേക്കും തിരിയുന്നു

​കൊച്ചി: പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നത് മലയാളികളുടെ അവധിക്കാല യാത്രാ പദ്ധതികളെ അവതാളത്തിലാക്കുന്നു. വിദേശയാത്രകൾക്കായി നീക്കിവെച്ച തുകയേക്കാൾ കൂടുതൽ വിമാന ടിക്കറ്റിന് മാത്രമായി നൽകേണ്ടി വരുന്ന സാഹചര്യത്തിൽ, ഭൂരിഭാഗം സഞ്ചാരികളും യാത്രകൾ റദ്ദാക്കി ആഭ്യന്തര ടൂറിസത്തിലേക്ക് ചുവടുമാറ്റുകയാണ്. ഇതോടെ സംസ്ഥാനത്തെയും അയൽ സംസ്ഥാനങ്ങളിലെയും ഹിൽ സ്റ്റേഷനുകളിൽ സഞ്ചാരികളുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്.

മലയാളികൾക്ക് പ്രിയപ്പെട്ട വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളായ മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് പ്രധാനമായും തിരിച്ചടിയേറ്റത്. മുൻപ് 14,000 രൂപയ്ക്ക് ലഭ്യമായിരുന്ന മലേഷ്യൻ റിട്ടേൺ ടിക്കറ്റ് നിരക്ക് ഇപ്പോൾ 30,000 രൂപ കടന്നു. തായ്‌ലൻഡിലേക്കുള്ള നിരക്ക് 30,000 രൂപയിൽ നിന്ന് 42,000 രൂപയിലേക്കും ഉയർന്നു.

​ടിക്കറ്റ് നിരക്കിലെ ഈ വർധനവ് ടൂർ ഓപ്പറേറ്റർമാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഗ്രൂപ്പ് യാത്രകൾ കൂട്ടത്തോടെ റദ്ദാക്കപ്പെടുന്നത് വലിയ സാമ്പത്തിക നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടാക്കുന്നത്. മാസങ്ങൾക്ക് മുൻപേ പാക്കേജുകൾ ബുക്ക് ചെയ്തവർക്ക് മാത്രമാണ് നിലവിൽ പഴയ നിരക്കിൽ യാത്ര ചെയ്യാനാകുന്നത്.

​മലയോരങ്ങളിലേക്ക് സഞ്ചാരികളുടെ പ്രവാഹം

വിദേശയാത്രകൾക്ക് പകരം കുറഞ്ഞ ചെലവിൽ പോയി വരാവുന്ന കേരളത്തിലെയും അയൽ സംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കാണ് ഇപ്പോൾ ആളുകൾ എത്തുന്നത്. സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ തണുപ്പുള്ള ഹിൽ സ്റ്റേഷനുകൾക്കാണ് പ്രിയം.

​"വിമാന ടിക്കറ്റ് നിരക്ക് കൂടിയതോടെ വിദേശ യാത്രകൾ ഉപേക്ഷിച്ചവർ ഹിൽ സ്റ്റേഷനുകളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. വാഗമൺ, മൂന്നാർ, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്," എന്ന് മൈ കേരള ടൂറിസം അസോസിയേഷൻ പ്രസിഡന്റ് അനി ഹനീഫ് പറഞ്ഞു.

ടിക്കറ്റ് നിരക്ക് ഉയർന്നത് കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ വരവിനെയും സാരമായി ബാധിച്ചിട്ടുണ്ട്. വിദേശികളുടെ എണ്ണം കുറഞ്ഞത് സംസ്ഥാനത്തെ ലക്ഷ്വറി റിസോർട്ടുകളുടെ വരുമാനത്തിൽ വലിയ ഇടിവുണ്ടാക്കി. കൂടാതെ, ചൂട് കഠിനമായതിനാൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള ടൂറിസത്തിന് നിലവിൽ വലിയ ഉണർവില്ലാത്തതും മേഖലയെ പ്രതിസന്ധിയിലാക്കുന്നു.