പറവൂരിൽ 37 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് വെസ്റ്റ് ബംഗാൾ സ്വദേശികൾ പിടിയിൽ. ഒഡീഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ലഹരിമരുന്നാണ് പിടികൂടിയത്.
പറവൂരിൽ 37 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
പറവൂർ: 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ കേരള പൊലീസ് നടത്തിവരുന്ന പ്രത്യേക ലഹരിവിരുദ്ധ വേട്ടയിൽ വൻ കഞ്ചാവ് വേട്ട. പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് (20) എന്നിവരാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമിന്റെയും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും പറവൂർ പൊലീസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.
ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ മാർഗം ഇറങ്ങിയ പ്രതികൾ, പൊലീസിന്റെ പരിശോധന വെട്ടിക്കാനായി ഓൺലൈൻ ടാക്സി വിളിച്ച് പറവൂർ ഭാഗത്തേക്ക് വരികയായിരുന്നു. ബാഗുകളിൽ പ്രത്യേകമായി പാക്ക് ചെയ്ത് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒഡീഷയിൽ നിന്നും കിലോയ്ക്ക് 3,000 രൂപ നിരക്കിൽ വാങ്ങി കേരളത്തിൽ എത്തിച്ച് പത്തിരട്ടിയിലധികം തുകയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് കൈമാറി അന്ന് തന്നെ തിരികെ മടങ്ങുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചുനാളുകളായി ഇവർ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം, ഡിവൈഎസ്പി എസ്. ജയകൃഷ്ണൻ, പറവൂർ പൊലീസ് ഇൻസ്പെക്ടർ കെ.സി. ബൈജു, സബ് ഇൻസ്പെക്ടർ എം.സി. ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ വർഷം ഇതുവരെ എറണാകുളം റൂറൽ ജില്ലയിൽ മാത്രം 550 കിലോയോളം കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 360-ഓളം നർക്കോട്ടിക് കേസുകളിലായി ഇതുവരെ 445 പേർ അറസ്റ്റിലായിട്ടുണ്ട്. പ്രതികളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
