കോൺഗ്രസ് മന്ത്രിസഭ രൂപീകരണം അന്തിമഘട്ടത്തിൽ ആരൊക്കെ മന്ത്രിയാകും?കോൺഗ്രസ് മന്ത്രിസഭയിൽ വൻ അഴിച്ചുപണി

വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിൽ കോൺഗ്രസ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയിൽ മുതിർന്ന നേതാക്കളും വനിതകളും ഇടംപിടിച്ചേക്കും.

കോൺഗ്രസ് മന്ത്രിസഭ രൂപീകരണം അന്തിമഘട്ടത്തിൽ ആരൊക്കെ മന്ത്രിയാകും?കോൺഗ്രസ് മന്ത്രിസഭയിൽ വൻ അഴിച്ചുപണി
പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയിൽ മുതിർന്ന നേതാക്കളും വനിതകളും ഇടംപിടിച്ചേക്കും

സതീശൻ മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് മുൻഗണന; ചെന്നിത്തലയും മുരളീധരനും സണ്ണി ജോസഫും പരിഗണനയിൽ; സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ

​തിരുവനന്തപുരം: യു.ഡി.എഫിന്റെ വൻ വിജയത്തിന് പിന്നാലെ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് കോൺഗ്രസ് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. മുൻപ് മന്ത്രിമാരായവരേക്കാൾ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വലിയ രീതിയിൽ പ്രാധാന്യം നൽകുന്ന ഒരു മന്ത്രിസഭയ്ക്കാണ് ഇത്തവണ കോൺഗ്രസ് രൂപം നൽകുന്നത്. മുതിർന്ന നേതാക്കളുടെ പരിചയസമ്പത്തും യുവനിരയുടെ ഊർജ്ജവും സമന്വയിപ്പിക്കുന്ന പട്ടികയാണ് ഹൈക്കമാൻഡിന്റെ പരിഗണനയിലുള്ളത്.

നിയമസഭാ സ്പീക്കർ പദവിയിലേക്ക് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേരിനാണ് മുൻഗണന. എന്നാൽ എൻ. ശക്തന്റെ പേരും സജീവമായി ഈ പദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. സമുദായ സമവാക്യങ്ങളും സീനിയോറിറ്റിയും മുൻനിർത്തിയാകും സ്പീക്കർ പദവിയിൽ അന്തിമ തീരുമാനമെടുക്കുക.

​അയഞ്ഞ് ചെന്നിത്തല; മുരളീധരനും സണ്ണി ജോസഫും മന്ത്രിസഭയിലേക്ക്

ആദ്യഘട്ടത്തിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലായിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഒടുവിൽ ഹൈക്കമാൻഡ് നിർദ്ദേശത്തിന് വഴങ്ങിയതായാണ് സൂചന. അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് ആഭ്യന്തരം അടക്കമുള്ള സുപ്രധാനമായ വകുപ്പുകളിലൊന്ന് നൽകിയേക്കും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ എന്നിവരും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

ഭരണത്തിൽ മികച്ച വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തെ തുടർന്ന് മൂന്ന് പേരാണ് കോൺഗ്രസ് നിരയിൽ നിന്ന് പരിഗണിക്കപ്പെടുന്നത്. കൊല്ലത്ത് നിന്ന് നിയമസഭയിലെത്തിയ ബിന്ദു കൃഷ്ണ, അരൂരിൽ നിന്ന് ജയിച്ച ഷാനിമോൾ ഉസ്മാൻ എന്നിവർക്കാണ് ആദ്യ പരിഗണന. കൂടാതെ എലത്തൂരിൽ നിന്ന് അട്ടിമറി വിജയം നേടിയ വിദ്യാ ബാലകൃഷ്ണന്റെ പേരും ചർച്ചകളിൽ സജീവമാണ്.

പാർട്ടിയിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ച് 'കെസി' പക്ഷത്തുനിന്ന് പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ് എന്നിവർ മന്ത്രിസഭയിൽ ഇടംപിടിക്കാൻ സാധ്യതയേറെയാണ്. കൂടാതെ താഴെ പറയുന്ന നേതാക്കളെയും അന്തിമ പട്ടികയ്ക്കായി പരസ്പരം പരിഗണിക്കുന്നുണ്ട്:

​എം. വിൻസന്റ് അല്ലെങ്കിൽ ടി.ജെ. വിനോദ്

​എം. ലിജു അല്ലെങ്കിൽ കെ. ജയന്ത്

​മാത്യു കുഴൽനാടൻ അല്ലെങ്കിൽ റോജി എം. ജോൺ

​എ.പി. അനിൽകുമാർ അല്ലെങ്കിൽ വി.പി. സജീന്ദ്രൻ

​ഇവർക്ക് പുറമെ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, വി.ടി. ബൽറാം, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ പേരുകളും മന്ത്രിസ്ഥാനത്തേക്ക് സജീവമായി ഗ്രൂപ്പ് ചർച്ചകളിൽ ഉയർന്നു വരുന്നുണ്ട്. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേറ്റ ശേഷം ഘടകകക്ഷികളുമായുള്ള ചർച്ചകൾ കൂടി പൂർത്തിയാക്കി വരുംദിവസങ്ങളിൽ തന്നെ മന്ത്രിമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.